സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; മൂന്ന് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലേര്‍ട്ട്
Latest weather Updates
സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; മൂന്ന് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2024, 9:31 pm

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,  ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വയനാട് ഉള്‍പ്പെടെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

നാളെ (ചൊവ്വാഴ്ച) പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 14ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ടെത്തിയ തിരിച്ചറിയാത്ത 51 പൂര്‍ണ മൃതദേഹങ്ങളും 194 ശരീര ഭാഗങ്ങളും പുത്തുമലയില്‍ സംസ്‌കരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 124 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഇന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. ആനയടികാപ്പിലെ തെരച്ചിലിനിടെയാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് നടത്തിയ തെരച്ചിലിനിടെയാണ് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

Content Highlight: latest weather reports in kerala, orange alert