കോഴിക്കോട്: കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. കോഴിക്കോട് താമരശ്ശേരി ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും വയനാട് മേപ്പടിയിലുമാണ് ശക്തമായ മഴ പെയ്യുന്നത്. കോഴിക്കോട് ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ചെമ്പുകടവ് പാലം അടക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
കനത്ത മഴയില്‍ ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 2022ലാണ് അവസാനമായി ഡാം തുറന്നത്. വയനാട് വെള്ളരിമലയില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് ഉയരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് വയനാട്ടിലെ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുത്തുമല, മുണ്ടക്കൈ യു.പി സ്‌കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയില്‍ ഇതുവരെ വലിയ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം തൃശൂരിലെ പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് 12 മണിക്ക് തുറക്കുമെന്ന് അറിയിപ്പുണ്ട്. ഡാമിന്റെ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന വ്യാപകമായി നാലുദിവസം ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Latest weather reports in kerala, Heavy rain in Kozhikode and Wayanad