തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.
അടുത്ത മൂന്ന് ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്.
നാളെ കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ നാളെ മല്‍സ്യബന്ധത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ ഉച്ചക്ക് രണ്ടര വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കേരളത്തിലെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പമ്പ, മണിമല നദികളിലാണ് അപകടകരമായ രീതിയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഈ രണ്ട് നദികളില്‍ ഇപ്പോള്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ഇടുക്കിയില്‍ കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമും തുറന്നിട്ടുണ്ട്.
Content Highlight: latest weather and rain updates on kerala