കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത, അതിതീവ്ര മഴ തുടരും
Kerala Weather
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത, അതിതീവ്ര മഴ തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 5:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇനിയും കനക്കും. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധത്തിനായി കടലിലിറങ്ങരുതെന്നാണ് നിര്‍ദേശം.

മോശമായ കാലാവസ്ഥ കണക്കിലെടുത്താണ് മുന്നറിയിപ്പ്. വ്യാഴാഴ്ച കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് രണ്ട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്‍ട്ട് നിലവിലുള്ളത്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.

വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് മാസം അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷമേത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടത് കേരളത്തില്‍ മഴ കനക്കാന്‍ കാരണമാകും.

തെക്കന്‍ ഛത്തീസ്ഗഡില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ രൂപപ്പെട്ട ന്യൂനമര്‍ദപാത്തിയുടെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലിനോട് കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ ആയിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 52 ദിവസമായിരിക്കും ട്രോളിങ് നിരോധനം നിലനില്‍ക്കുക.

ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന മറ്റു തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: latest weather and rain updates in kerala