തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ നിര്‍ദേശമുണ്ട്.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയില്‍ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലയോരമേഖലകളില്‍ മഴ കണക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തി മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 44 ഇടങ്ങളില്‍ പ്രകൃതിദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് നിഗമനം.
തമിഴ്‌നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ ശക്തമായ മഴ തുടരുന്നത്.
ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം ഇന്ന് ആന്‍ഡമാന്‍ കടലിലേക്ക് എത്തിച്ചേര്‍ന്നേക്കുമെന്നും വിലയിരുത്തുന്നു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതിജാഗ്രത വേണം, ഒരു അറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, വ്യാഴാഴ്ച വരെ പത്തനംതിട്ടയുടെ മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്,
തിരുവനന്തപുരത്തെ മലയോരമേഖലയിലേക്ക് അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ, തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിങ് നിരോധിച്ചു,’ എന്നീ ജാഗ്രത നിര്‍ദേശങ്ങളും കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ 19 മുതല്‍ 23 വരെയാണ് രാത്രികാല യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവി ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ എന്നവയില്‍ ജാഗ്രത പുലര്‍ത്തണമെന്നും വേണ്ട മുന്‍കരുതലുകള്‍ ഉടന്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: latest weather and rain updates in kerala