ന്യൂദല്‍ഹി: കൊടും തണുപ്പില്‍ സമരം ചെയ്യുമ്പോഴും വായനയ്ക്ക് സമയം കണ്ടെത്തി കര്‍ഷകര്‍.
ഗാസിപൂര്‍ ഫ്‌ളൈ ഓവറിനു താഴെയുള്ള സ്ഥലത്ത് താല്‍ക്കാലിക ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.
കര്‍ഷകരുടെ മക്കളും ഒരു കൂട്ടം ചെറുപ്പക്കാരുമാണ് ലൈബ്രറി സ്ഥാപിച്ചത്. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും മഹാത്മാഗാന്ധി, ഭഗത് സിംഗ്, കര്‍താര്‍ സിംഗ് സരാഭ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങളുമാണ് ലൈബ്രറിയില്‍ ഉള്ളത്. മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ ചെഗുവേരയുടെയും റഷ്യന്‍ എഴുത്തുകാരനായ മാക്‌സിം ഗോര്‍ക്കിയുടെയും പുസ്തകങ്ങളുടെ ഹിന്ദി പരിഭാഷയും ഉണ്ട്.
കര്‍ഷകര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ സ്ഥലത്തെത്തി ഒരു ലൈബ്രറി സ്ഥാപിച്ചതെന്നും കേന്ദ്രസര്‍ക്കാരിന്റെ ‘കരി’നിയമങ്ങളെക്കുറിച്ച് വിശദമായ ഒരു ലഘുലേഖയും തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന്
ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കര്‍ഷകന്റെ മകളായ ഷാലു പന്‍വാര്‍ പറഞ്ഞു.
പോരാട്ടവും പഠനവും ഒരുമിച്ചുപോകണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണത്തെക്കുറിച്ച് ശരിയായ അറിവില്ലാതെ ആര്‍ക്കും യുദ്ധം ചെയ്യാന്‍ കഴിയില്ല. റഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന സാമൂഹിക വിപ്ലവങ്ങളെക്കുറിച്ചും നമ്മുടെ കര്‍ഷകര്‍ അറിഞ്ഞിരിക്കണം, ജാമിഅ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ബാഗ്പട്ടില്‍ നിന്നുള്ള കര്‍ഷകന്റെ മകനുമായ റണ്ണി തോമര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ച കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തും. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക