കുറുക്കുവഴിയും കൊണ്ടു ഈ വഴി വരേണ്ടെന്ന് അമിത് ഷായോട് കര്‍ഷകര്‍; തീരുമാനം ഇന്നറിയണം കേന്ദ്രത്തിന് മുന്നറിയിപ്പ്
farmer protests
കുറുക്കുവഴിയും കൊണ്ടു ഈ വഴി വരേണ്ടെന്ന് അമിത് ഷായോട് കര്‍ഷകര്‍; തീരുമാനം ഇന്നറിയണം കേന്ദ്രത്തിന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 7:04 pm

ന്യൂദല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. കുറുക്കുവഴികളുമായി തങ്ങളുടെ അടുത്ത് ചര്‍ച്ചയ്‌ക്കെത്തേണ്ടതില്ലെന്ന് കര്‍ഷകര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ ഇന്നത്തെ യോഗത്തില്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്ന് കര്‍ഷക നേതാവ് രുദ്രു സിംഗ് മന്‍സ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരുമായി ഇന്ന് വെകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചുട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴുമണിക്ക് അമിത് ഷാ കര്‍ഷകരെ കാണും. കര്‍ഷകരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്.

എന്നാല്‍ ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

അതേസമയം, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെയും ചത്തീസ്ഗഡ് പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.

ഭാരത് ബന്ദിന് പിന്തുണയുമായി കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്.

യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പിലാണ് പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Latest Updates farmers- Amitshah Meeting