ചില അറബ് രാജ്യങ്ങള്‍ ഇസ്രഈലുമായി പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചതുകൊണ്ട് ഒരു ഗുണമുണ്ടായി. കുറേക്കാലമായി ഐക്യപ്പെടാന്‍ വിസമ്മതിച്ച പ്രമുഖ ഫലസ്തീന്‍ ഗ്രൂപ്പുകളായ ഫത്ഹും ഹമാസും ഒന്നിക്കാന്‍ അത് വഴിയൊരുക്കിയിരിക്കുന്നു.
ഗസ്സയിലെ ഭരണം നിയന്ത്രിക്കുന്ന ഇസ്ലാമിക ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസും വെസ്റ്റ്ബാങ്ക് ആസ്ഥാനമായുള്ള ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ഫത്ഹും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കാന്‍ യോജിച്ചുള്ള പോരാട്ടങ്ങള്‍ക്ക് തീരുമാനമെടുത്തിരിക്കുന്നു. ഈ രണ്ടു പ്രമുഖ ഗ്രൂപ്പുകള്‍ക്കൊപ്പം മറ്റു ഫലസ്തീന്‍ സംഘടനകളും ചേരുമെന്നാണ് അറിയുന്നത്.
പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന ഫലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പ്രസിഡന്റ് തെരഞ്ഞെടുപ്പും ആറു മാസത്തിനകം നടത്താന്‍ ഇരു ഗ്രൂപ്പുകളും തീരുമാനിച്ചുവെന്നതാണ് പ്രധാന കാര്യം.
ഇരു തെരഞ്ഞെടുപ്പുകള്‍ക്കും പിന്നാലെ, ഫതഹ് ഉള്‍പ്പെടുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പും നടത്താനാണ് ധാരണ. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന യോഗത്തിലാണ് ഇരു വിഭാഗവും തമ്മില്‍ ധാരയിലെത്തിയത്. അതിനു നേതൃത്വം വഹിച്ചത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനാണ്.
ഫത്ഹിന്റെയും ഹമാസിന്റെയും നേതാക്കളായ മഹ്മൂദ് അബ്ബാസും ഇസ്മായില്‍ ഹാനിയയും നല്‍കിയ സംയുക്ത അഭിമുഖം വെസ്റ്റ്ബാങ്ക് ആസ്ഥാനമായ ഫത്ഹിന്റെ ഫലസ്തീന്‍ റ്റിവിയും ഗസ്സയില്‍ ഹമാസിന്റെ നേതൃത്വത്തിലുള്ള അല്‍ അഖ്സ റ്റിവിയും സംപ്രേഷണം ചെയ്തുകഴിഞ്ഞു.
ഇസ്താംബൂള്‍ ധാരണ പ്രകാരം ഹമാസ് പി.എല്‍.ഒയില്‍ അംഗമാകുമെന്നതാണ് വാര്‍ത്ത. വിവിധ ഫലസ്തീന്‍ സംഘടനകള്‍ അംഗങ്ങളായുള്ള പി.എല്‍.ഒയില്‍ ഹമാസ് ഇതുവരെ ചേര്‍ന്നിട്ടില്ല. 1993ല്‍ അമേരിക്കയുടെ താല്‍പര്യപ്രകാരം ഓസ്ലോയില്‍ ഇസ്രായിലുമായി പി.എല്‍.ഒ ‘സമാധാനക്കരാര്‍’ ഒപ്പിട്ടതിനെ ഹമാസ് അംഗീകരിച്ചിരുന്നില്ല.
അന്ന് ഹമാസ് പറഞ്ഞിടത്ത് പി.എല്‍.ഒ എത്തിയെന്നതാണ് യാഥാര്‍ഥ്യം. കരാറുകള്‍ പാലിക്കാത്ത വിശ്വസിക്കാന്‍ കൊള്ളാത്ത ചട്ടമ്പിയാണ് സയണിസ്റ്റ് ഭരണകൂടമെന്ന് വൈകിയാണെങ്കിലും പി.എല്‍.ഒക്കും അതിലെ ഏറ്റവും വലിയ സംഘടനയായ അബ്ബാസിന്റെ ഫതഹിനും ബോധ്യപ്പെട്ടതാണ് ഇത്തരമൊരു കരാര്‍ യാഥാര്‍ഥ്യമാകാന്‍ കാരണം.
ഫലസ്തീന്‍ വിമോചനമാണ് ലക്ഷ്യമെങ്കിലും വ്യത്യസ്ത ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളായ ഹമാസും ഫത്ഹും അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും 2006ലെ ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കൂട്ടുകക്ഷി സര്‍ക്കാരുമായി മുന്നോട്ടുപോയിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം നേടിയിട്ടും ഫത്ഹിനെ ഉള്‍പ്പെടുത്തിയാണ് ഹമാസ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍, അബ്ബാസിന്റെ വലംകയ്യായിരുന്ന മുഹമ്മദ് ദഹ്‌ലാന്‍ ആഭ്യന്തര കലാപമുണ്ടാക്കി ഗസ്സയില്‍ ആധ്യപത്യം പിടിച്ചടക്കാന്‍ നടത്തിയ നീക്കം 2007ല്‍ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുകയും തുടര്‍ന്ന് ഹമാസ് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയുമായിരുന്നു. റാമല്ല ആസ്ഥാനമായുള്ള വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഫതഹും കൈക്കലാക്കി.
അബ്ബാസിന്റെ ഗുഡ്ബുക്കില്‍നിന്ന് ക്രമേണ അപ്രത്യക്ഷനായ ദഹ്‌ലാനെ പിന്നീട് കാണുന്നത് അബുദബി ഭരണകൂടത്തിന്റെ ഉപദേശകനായാണ്. തുര്‍ക്കിയില്‍ 2016ല്‍ എര്‍ദോഗനെതിരെ നടന്ന അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ അങ്കാറ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇസ്രാഈലുമായി യു.എ.ഇ ഒപ്പുവെച്ച കരാറിനുപിന്നില്‍ ദഹ്‌ലാന്‍ ഉണ്ടെന്നത് വ്യക്തമാണ്. അബ്ബാസിനെ മാറ്റി തല്‍സ്ഥാനത്ത് ദഹ്‌ലാനെ ഫലസ്തീന്‍ പ്രസിഡന്റായി പ്രതിഷ്ഠിക്കാന്‍ അമേരിക്കക്ക് താല്‍പര്യമുണ്ടെന്ന് ഇസ്രാഈലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ ഈയ്യിടെ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.
ഫലസ്തീനികളുടെമേല്‍ ദഹ്‌ലാനെ അടിച്ചേല്‍പിക്കാന്‍ അമേരിക്കക്കും കൂട്ടാളികള്‍ക്കും എന്തധികാരമെന്ന ചോദ്യമൊക്കെ അവിടെ നില്‍ക്കട്ടെ. ഫലസ്തീനികളെ പുറത്തിരുത്തി അവരുടെ കാര്യങ്ങള്‍ വൈറ്റ്ഹൗസില്‍ തീരുമാനിക്കുകയും ഒപ്പുവെക്കുകയും ചെയ്യുന്ന കാലമാണിത്. ലെബനാനിലെ മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയെ റിയാദില്‍ വിളിച്ചുവരുത്തി രാജിവെക്കാന്‍ ആവശ്യപ്പെട്ട സംഭവം സമീപകാലത്താണല്ലോ നടന്നത്.
ഹമാസ്-ഫഹത്ഹ് യോജിപ്പിനുള്ള നീക്കങ്ങള്‍ റിയാദ്, ദോഹ, സന്‍ആ, കൈറോ തുടങ്ങിയ അറബ് തലസ്ഥാനങ്ങളിലായി പലപ്പോഴും നടന്നെങ്കിലും അമേരിക്കയുടെയും ഇസ്രായിലിന്റെയും കണ്ണുരുട്ടലുകള്‍ക്ക് വഴങ്ങി അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി കരാറുകളില്‍നിന്ന് പിന്മാറുകയായിരുന്നു.
2012ല്‍ ഇരു വിഭാഗവും തടവുകാരെ പരസ്പരം കൈമാറാനുള്ള കരാറിലെത്തിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം കുറച്ചുകാലത്തേക്ക് ഒരു ഐക്യസര്‍ക്കാറും നിലവില്‍ വരികയുണ്ടായി. ഇസ്രാഈലും അമേരിക്കയും ഫലസ്തീനികളെ വഞ്ചിക്കുകയാണെന്നും ഫലസ്തീനികളുടെ പേരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നിഷ്പക്ഷനായ മധ്യസ്ഥനാവാനുള്ള യോഗ്യത വാഷിംഗ്ടണിനു നഷ്ടപ്പെട്ടതായും തുറന്നടിച്ച് സമാധാന ചര്‍ച്ചകളില്‍നിന്ന് രണ്ടു വര്‍ഷം മുമ്പ് പൂര്‍ണമായും പിന്‍മാറിയ അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റി, ചില അറബ് രാജ്യങ്ങള്‍ തങ്ങളെ പിന്നില്‍നിന്ന് കുത്തിയെന്ന് ഈയ്യിടെ ആരോപിച്ചിരുന്നു.
എണ്‍പത്തിനാലുകാരനായ അബ്ബാസ് ഇനിയും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ സാധ്യത കുറവാണ്. 2005ല്‍ ഹമാസ് ബഹിഷ്‌കരിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ടുകള്‍ നേടിയാണ് അബ്ബാസ് പദവിയില്‍ എത്തിയത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതി നന്നായി ഇടിഞ്ഞിരിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ എളുപ്പത്തില്‍ അബ്ബാസിനെ തോല്‍പിക്കാനാവുമെന്നാണ് ഈ വര്‍ഷാദ്യം ഫലസ്തീന്‍ സെന്റര്‍ ഫോര്‍ പോളിസി ആന്റ് റിസേര്‍ച്ച് നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.
ഇസ്താംബൂള്‍ കരാര്‍ യാഥാര്‍ഥ്യമാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മുമ്പ് ഇതുപോലെ പര കരാറുകളും ഒപ്പിട്ടെങ്കിലും അതൊന്നും യാഥാര്‍ഥ്യമായിരുന്നില്ല എന്നതാണ് ഈ സംശയത്തിന് കാരണം. ഫത്ഹിന്റെ ശക്തികേന്ദ്രമായ വെസ്റ്റ് ബാങ്കിലെ റാമല്ലയിലും ഹിബ്രോണിലുമൊക്കെ നിരവധി ഹമാസ് അനുകൂലികളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്ന ഫലസ്ത്വീന്‍ അതോറിറ്റി (പി.എ) യുടെ നടപടി നിര്‍ബാധം തുടരുന്നുവെന്നതാണ് സംശയങ്ങള്‍ക്ക് കാരണം.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇത്തരം അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം സുരക്ഷാ വിഭാഗത്തിന് അതോറിറ്റി നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. ഇസ്രായിലിനെതിരെ ചെറുത്തുനില്‍പ് എന്ന ഒന്നില്ലെന്നാണ് നാലു വര്‍ഷം മുമ്പ് വരെ മഹ്മൂദ് അബ്ബാസ് പറഞ്ഞിരുന്നത്. അതിന്റെയടിസ്ഥാനത്തിലാണ് പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന നടപടികളുമായി പി.എ മുന്നോട്ടുപോയത്.
കയ്യൂക്കിന്റെയും ഭീകരതയുടെയും ഭാഷ മാത്രം അറിയുന്ന ഇസ്രാഈലിനെ പ്രതിരോധിക്കാന്‍ നിരന്തരമായ ചെറുത്തുനില്‍പ് മാത്രമാണ് വഴിയെന്ന ഫലസ്തീനിലെ വിമോചന പ്രസ്ഥാനങ്ങളുടെ നിലപാടുകളാണ് ശരി. എന്നാല്‍, ആ ശരികളിലും വലിയ പരിമിതികളുണ്ട്. പോരാട്ട സംഘടനകള്‍ മാത്രം നടത്തുന്ന ചെറുത്തുനില്‍പുകളിലൂടെ സ്വതന്ത്ര ഫലസ്ത്വീന്‍ യാഥാര്‍ഥ്യമാകുമെന്ന് ഇനിയും ചിന്തിക്കുന്നതില്‍ കാര്യമില്ല.
1964 ല്‍ രൂപം കൊണ്ട പി.എല്‍.ഒ പ്രസ്ഥാനത്തിന് വര്‍ഷങ്ങളോളം സായുധ പോരാട്ടം നടത്തിയിട്ട് ഒടുവില്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നത് നമ്മുടെ മുന്നിലുണ്ട്. ഓസ്‌ലോ കരാറിന്റെ ചതിക്കുഴിയില്‍ വീഴാനായിരുന്നു ഫലസ്തീന്‍ വിമോചന നേതാവായി അറിയപ്പെട്ടിരുന്ന യാസിര്‍ അറഫാത്തിന്റെ വിധി.
സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമാകുതുവരെ വിവാഹം പോലുമില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്ന അറഫാത്ത്, ഇസ്രാഈലിന്റെയും അമേരിക്കയുടെയും താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങി ആദര്‍ശം പണയം വെക്കുന്നതും പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുതാണ് പിന്നീട് കണ്ടത്.
പിറന്ന മണ്ണിന്റെ കാര്യത്തില്‍പോലും അഭിപ്രായം പറയാന്‍ അവകാശമില്ലാത്ത, മറ്റുള്ളവര്‍ വിധിക്കുന്നത് അംഗീകരിച്ചുകൊള്ളുകയെന്ന അവസ്ഥയിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട ഒരു ജനതയുടെ നിലില്‍പിനുള്ള പോരാട്ടമാണിത്. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടം.
അറബ് സുഹൃത്തുക്കള്‍ കൈവിട്ടാലും അറബ് ലോകത്തിനു പുറത്തുള്ള ചില രാജ്യങ്ങള്‍ ഫലസ്തീനികള്‍ക്കൊപ്പമുണ്ട് എന്നതാണ് ആശ്വാസം. ഐക്യത്തോടെയുള്ള മുന്നോട്ടുപോക്കിലൂടെ സമീപ ഭാവിയില്‍ അധിനിവേശമുക്ത ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരുമെന്നത് സ്വപ്‌നം മാത്രമാകുമോ?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: latest reconciliation talks between fatah and hamas succeed opinion pk niyas