ഭോപ്പാല്‍: മധ്യപ്രദേശിലെ ചില ജില്ലകളില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ സുപ്രധാന ഭാഗങ്ങള്‍ കാണാതായതായി പരിശോധനാ റിപ്പോര്‍ട്ട്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
ഇ.വി.എമ്മിന്റെ സുപ്രധാന ഘടകങ്ങളായ ബാലറ്റ് യൂണിറ്റ്, ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍ (ഡി.എം.എം) എന്നിവയാണ് കാണാതായത്. മധ്യപ്രദേശില്‍ ഏറ്റവുമൊടുവിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകളാണോ ഇതെന്ന് വിവരാവകാശ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.
ഈ വര്‍ഷം ഏപ്രില്‍, ജൂണ്‍ മാസത്തിലാണ് പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇ.വി.എമ്മിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ അജയ് ദുബെ മധ്യപ്രദേശ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് ഇ.വി.എമ്മിന്റെ സുപ്രധാന ഭാഗങ്ങള്‍ കാണാതായതായി അറിയിച്ചത്.
ഒമ്പത് ഡി.എം.എമ്മുകളാണ് കാണാതായത്. ഉമാരിയയിലെ ഇ.വി.എം സ്റ്റോറൂമില്‍ നടത്തിയ പരിശോധനയിലാണ് കാരണമില്ലാതെ ഒമ്പത് ഡി.എം.എമ്മുകള്‍ കാണാതായതായി വ്യക്തമായത്.
മെഷീനില്‍ നിന്നും വേര്‍പ്പെടുത്തി പ്രത്യേകം സൂക്ഷിക്കാന്‍ കഴിയുന്ന ഇ.വി.എമ്മിന്റെ അധിക മെമ്മറിയാണ് ഡി.എം.എം.
നര്‍സിംഗ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ സ്‌ട്രോങ് റൂമില്‍ 2709 ഡി.എം.എമ്മുകള്‍ ഉണ്ടായിരുന്നെന്നാണ് മാസ്റ്റര്‍ സ്‌റ്റോക്ക് രജിസ്റ്ററില്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ 2508 ഡി.എം.എമ്മുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാത്ത 687 ഡി.എം.എമ്മുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്ന് നര്‍സിംഗ്പൂര്‍ ജില്ലാ അതോറിറ്റി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചവ നശിപ്പിക്കുന്നതിനായി ഹൈദരാബാദിലെ ഇ.സി.ഐ.എല്ലിലേക്ക് അയച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
സ്റ്റോറില്‍ 201 ഡി.എം.എമ്മുകളാണ് ഇപ്പോഴുള്ളതെന്നാണ് നര്‍സിംഗ്പൂര്‍ ജില്ലാ അധികൃതര്‍ പറയുന്നത്. എന്നാല്‍ കാണാതായ മറ്റ് ഇ.വി.എമ്‌നുകളുടെ വിശദാംശങ്ങള്‍ ഇവര്‍ പരാമര്‍ശിച്ചിട്ടില്ല.
ബിന്ദ് ജില്ലയിലെ സ്‌ട്രോങ് റൂമില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് ബാലറ്റ് യൂണിറ്റുകള്‍ കാണാതായെന്ന് വ്യക്തമായെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.