ന്യൂദല്‍ഹി: ലോകകപ്പിലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചതോടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ധോണിയോട് വിരമിക്കരുതെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറാണ്. രാജ്യത്തിന് ധോണിയെ ആവശ്യമുണ്ടെന്നു പറഞ്ഞ അവര്‍ വിരമിക്കരുതെന്ന് ആവശ്യപ്പെട്ടു.
‘താങ്കള്‍ വിരമിക്കാന്‍ പോവുകയാണെന്നു ഞാന്‍ കേട്ടു. അതു ചെയ്യരുത്. രാജ്യത്തിനു താങ്കളെ ആവശ്യമുണ്ട്. ഞാനും താങ്കളോട് അഭ്യര്‍ഥിക്കുകയാണ്, വിരമിക്കരുത്, വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്. ഇന്നലെ നമ്മള്‍ ജയിച്ചില്ല, പക്ഷേ നമ്മള്‍ തോറ്റതുമില്ല. ഗുല്‍സാറിന്റെ ഗാനം എന്റെ ടീമിനു വേണ്ടി ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.’- ലതാ മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.
സെമിയില്‍ ന്യൂസിലാന്റിനെതിരായി ധോണി ബാറ്റ് ചെയ്തത് ശരിയായ രീതിയിലാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. വിരമിക്കുന്നതിനെ കുറിച്ച് ധോണി ടീമിനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും കോഹ്ലി പറഞ്ഞു.
’71ന് 5 എന്ന നിലയില്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ സ്‌കോര്‍ പെട്ടെന്നുയര്‍ത്തുന്നത് എളുപ്പമല്ല. വീണ്ടും പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. അതാണ് അദ്ദേഹം ജഡേജയ്ക്കൊപ്പം ചെയ്തത്.’ കോഹ്ലി പറഞ്ഞു.
‘പുറത്ത് നിന്ന് കണ്ട് കൊണ്ട് അഭിപ്രായം പറയാന്‍ എളുപ്പമാണ്. പക്ഷെ ജഡേജയ്ക്കൊപ്പം അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ഭൂവനേശ്വര്‍ കുമാര്‍ മാത്രമാണ് വരാനുണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഒരുവശം താങ്ങി നിര്‍ത്തേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം’ കോഹ്ലി പറഞ്ഞു.
ഏഴാം നമ്പറില്‍ ധോണിയെ ഇറക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഡാമേജ് കണ്‍ട്രോളര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ഇറക്കാനായിരുന്നു ഗെയിം പ്ലാനെന്നും കോഹ്ലി പറഞ്ഞു.
സെമി മത്സരത്തില്‍ ധോണി ഔട്ടായ പന്തില്‍ അംപയറിങ്ങില്‍ പിഴവുണ്ടായെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാമത്തെ പവര്‍ പ്ലേ ആയതിനാല്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് 5 ഫീല്‍ഡര്‍മാര്‍ മാത്രമേ പാടുള്ളൂവെങ്കിലും 6 ഫീല്‍ഡര്‍മാര്‍ പുറത്ത് നിന്നെന്നാണ് ട്വിറ്ററിലടക്കം ആരാധകര്‍ വീഡിയോ സഹിതം ചൂണ്ടിക്കാണിക്കുന്നത്.
അംപയര്‍ നോബോള്‍ വിളിച്ചാല്‍ പോലും ധോണി റണ്‍ ഔട്ടാവുമെങ്കിലും റിങ്ങിനുള്ളില്‍ ലെഗ്സൈഡില്‍ ഒരു എക്സ്ട്രാ ഫീല്‍ഡര്‍ ഉണ്ടായിരുന്നെങ്കില്‍ ധോണി ഡബിളിന് ഓടുമായിരുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.
ധോണി ഔട്ടായ പന്ത് എറിയുന്നതിന് മുമ്പ് സ്‌ക്രീനില്‍ കാണിച്ച ഗ്രാഫിക്സില്‍ ആറു ഫീല്‍ഡര്‍മാര്‍ പുറത്ത് നില്‍ക്കുന്നതായി കാണിക്കുന്നുണ്ട്.
10 ബോളില്‍ 25 റണ്‍സ് വേണമെന്നിരിക്കെ ധോണി മത്സരം ജയിപ്പിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഇന്നലെ അദ്ദേഹം റണ്‍ ഔട്ടാവുന്നത്. 49ല്‍ നിന്ന് സിംഗിളെടുത്ത് 50 തികച്ച് രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ഗുപ്റ്റിലാണ് ഡയറക്ട് ത്രോയില്‍ സ്റ്റംപ് തെറിപ്പിച്ചത്.
ധോണി ഔട്ടായിടത്താണ് ഇന്ത്യ മത്സരം തോറ്റതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.