ബുക്‌ന്യൂസ് / സി.ലതീഷ് കുമാര്‍
പുസ്തകം: ലതാ മങ്കേഷ്‌കര്‍: സംഗീതവും ജീവിതവും
എഴുത്തുകാരന്‍ : ജമാല്‍ കൊച്ചങ്ങാടി
വിഭാഗം: ജീവചരിത്രം
പേജ്: 272
വില: 175
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്. കോഴിക്കോട്
സംഗീതം വാസനയും ഉന്മാദവുമാണ്. മനുഷ്യന്റെ ആഴത്തില്‍ നിന്നും ഉറവപൊട്ടുന്ന ഒരു പ്രവാഹം. ഓരോ ജീവകോശങ്ങളിലും അതിന് നൂലിഴ ബന്ധമുണ്ട്. അത് ജീവന്റെ ഉപ്പായി തീരുന്നു.
രുചിയാണ് നാവിന്റെ ഭക്ഷണം. നാവറിയാത്ത ഒരു രുചിയും ശരീരമറിയില്ല, മനസറിയില്ല. അതുപോലെ സംഗീതം കേള്‍വിയുടെ രുചിയാണ്. അത് ഒരാളില്‍ തന്നെയുളള നിശബ്ദതയും ശബ്ദവുമാണ്. ഒരാളുടെ ആന്തരികലോകം പുഷ്പിക്കുമ്പോഴാണ് ഇത് ഉണ്ടാവുന്നത്. അവിടെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്പര്‍ശം അയാള്‍ അനുഭവിക്കുന്നു. ഒരു പാട്ടുകാരനുണ്ടാവുന്നത് ഈ സ്പര്‍ശത്തില്‍ നിന്നാണ്.
ഒരാള്‍ പാട്ടുകാരനായി മാറുന്നതില്‍ ഒരാത്മീയ തലമുണ്ട്. നല്ലകേള്‍വിക്കാരനും പാട്ടുകാരനാണ്. അയാള്‍ തീരേ സ്വരമാധുര്യമില്ലാത്തവനെങ്കിലും ഉപബോധത്തില്‍ പാടിക്കൊണ്ടേയിരിക്കുന്നു. മഹാനായ കൃഷ്ണമൂര്‍ത്തി ഒരിക്കലൊരു പ്രഭാഷണ മധ്യേ ഒരു കിളിയുടെ മധുരമായ ശബ്ദം കേട്ട് അതില്‍ മുഴുകിയിരിക്കുകയും ഇനി ഒന്നും പറയാനില്ലെന്ന് കേള്‍വിക്കാരോട് പറഞ്ഞ് പ്രഭാഷണ വേദിയില്‍ നിന്ന് നടന്നുപോയ ഒരു ചരിത്രമുണ്ട്. സംഗീതം കിളിയുടേതായാലും മനുഷ്യന്‍േതായാലും പ്രപഞ്ചത്തിലെ ഏതിന്‍േതായാലും അത് സംഗീതമായി തീരുമ്പോള്‍ മാന്ത്രികമാണ്.
ഭൂമുഖത്ത് പാടാനറിയാത്ത ഒരു ജീവിയുമില്ല. എപ്പോഴും കേള്‍വിയുടെ മാന്ത്രികതയില്‍ നിന്നാണ് നല്ല പാട്ടുണ്ടാവുന്നത് . ഈ കേള്‍വിയാണ് ലോകമുണ്ടാക്കിയിട്ടുള്ളത്. മനുഷ്യത്വമുണ്ടാക്കിയിട്ടുള്ളത്. ലോകത്തിലെ എല്ലാ ഗായകരെകുറിച്ചും ഇങ്ങനെ കേള്‍വിയുടേയും ശബ്ദത്തിന്റെയും അനുകര്‍ത്താക്കളെന്ന് പറയാം. അവര്‍ മറ്റുള്ളവരുടെ ഉന്മാദത്തില്‍ നിന്നാണ് നല്ല രാഗമുണ്ടാക്കുന്നത്. റാഫിയും യേശുദാസും ലതാമങ്കേഷ്‌കറും ബീഥോവനുമൊക്കെ സംഗീതസാമ്രാജ്യത്തിലെ അതികായന്‍മാരാകുമ്പോള്‍ അവരുടെ പിന്നില്‍ ഇത്തരത്തില്‍ അജ്ഞാതമായ ലോകത്തിന്റെ സ്പര്‍ശമുണ്ടായിരിക്കും. ലോകത്തിന്റെ മനുഷ്യത്വം അവര്‍ സ്വായതമാക്കുന്നു. അതുകൊണ്ട് ഗായകര്‍ എന്നുപറയുമ്പോള്‍ വെറും ഒരാളല്ല, അനേകരാണ് . അവരിലൂടെ അനന്തകോടി ജീവ സ്ഫുരണമാണുണ്ടാവുന്നത്.
ഗോവയിലെ ഒരു ചെറുഗ്രാമത്തില്‍ ദീനാനാഥിന്റെയും ശെവന്തിയുടേയും മകളായി പിറന്ന ലതാമങ്കേഷ്‌കറിന്റെ ജീവിതത്തിലും ഇത്തരത്തിലുള്ള കടുത്ത വേദനയുടെ ലോകമുണ്ടായിരുന്നു. പിതാവായ ദീനാനാഥിന്റെ ദുരന്തം നിറഞ്ഞ ജീവിതം, ഒരു കലാകാരനെന്ന നിലയില്‍ അയാളനുഭവിച്ച ധര്‍മസങ്കടങ്ങള്‍, അത് കണ്ട് വളര്‍ന്ന ഒരു ബാല്യത്തിന്റെ പ്രയാസങ്ങളാണ് പലപ്പോഴും ലതാമങ്കേഷ്‌കറെ രൂപപ്പെടുത്തിയത്. ചെറുപ്രായത്തില്‍ അച്ഛന്റെ മരണം. തന്റെ സഹോദരിമാരെ സംരക്ഷിക്കേണ്ട ബാധ്യത, ഒറ്റപ്പെടല്‍ ഇതെല്ലാം ലതാമങ്കേഷ്‌കറെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പങ്ക് വഹിച്ച മറ്റ് ഘടകങ്ങളാണ്.
ഇന്ത്യയിലെ ഒരു ഗായകര്‍ക്കുമില്ലാത്ത ശോകം ലതയുടെ ഗാനങ്ങളുടെ മൗലികതയാണ്. ഇത്ര അനായാസം വേദനയെ അനുഭവിപ്പിക്കാന്‍ മറ്റൊരു ഗായികയ്ക്കും കഴിഞ്ഞിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. മനുഷ്യന്‍ അവന്റെ ധര്‍മസങ്കടങ്ങളില്‍ നിന്ന് പൂജ്യനായി തീരുന്ന ഒരവസ്ഥയുണ്ട്. പ്രപഞ്ചത്തിലെ എല്ലാ സര്‍ഗാത്മക പ്രതിഭകള്‍ക്കും ഇത് ബാധകമായ ഒരു നിയമമാണ്. മനുഷ്യന്‍ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് പറയുന്നതും അതുകൊണ്ടാണ്.
ഇന്ന് ഭാരതത്തിലെ കോടിക്കണക്കിന് ആളുകളുടെ മനസുകളില്‍ ജീവിക്കുന്ന ലതാമങ്കേഷ്‌കര്‍. താന്‍ വളര്‍ന്ന വഴി മറന്നുപോകാത്ത ഒരാളായിരുന്നു അവര്‍. ഒരിക്കല്‍ അവര്‍ പറഞ്ഞു. ഇന്നാളുകളെന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതെന്റെ സംഗീതം കൊണ്ടാണ്. എന്റെ സംഗീതത്തിലൂടെ ആരെയെങ്കിലും സഹായിക്കാന്‍ എനിക്കു കഴിയുന്നുണ്ടെങ്കില്‍ അതിനെ സംഭാവന എന്നു വിശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതൊരു കടം വീട്ടലാണ്. തന്റെ വളര്‍ച്ചയുടെ പടവുകള്‍ കൃത്യമായി ഓര്‍മയുള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ പറയാനാവൂ. ഉള്ളില്‍ ആര്‍ദ്രമായ സംഗീതമുള്ളതുകൊണ്ടാണ് ലതയ്ക്ക് ഇത്ര ദയാവായ്പ് ഉണ്ടാവുന്നത്.
ഇന്ന് സംഗീതലോകത്ത് ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ സംഗീതഞ്ജര്‍, ഗായകര്‍ എല്ലാവര്‍ക്കും ഒരേ സ്വരത്തില്‍ ലതാമങ്കേഷ്‌കറിനെ അനുസ്മരിക്കാന്‍ സാധിക്കുന്നു. മഹാനായ സംഗീതജ്ഞന്‍ രാജ് ഭരതന്‍ പറയുന്നു: ലതാമങ്കേഷ്‌കര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ശങ്കര്‍-ജയ്കിഷന്‍മാരുണ്ടാകുമായിരുന്നില്ലെന്ന്. ഒരു തബലിസ്റ്റിന്റയും ഹാര്‍മോണിസ്റ്റിന്റെയും സിദ്ധികള്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ പിറന്നവീണ നാമങ്ങളാണ് ശങ്കര്‍-ജയ്കിഷന്‍മാര്‍. ഹിന്ദി ചലച്ചിത്രലോകത്തെ അവര്‍ പൊതുവഴിയില്‍ നടത്തി. അവരെ സംഗീതലോകത്തിലെ ചക്രവര്‍ത്തിമാരാക്കുന്നതില്‍ ലതയ്ക്കുണ്ടായിരുന്ന പങ്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല.
ജീവിതം സംഗീതത്തിന് സമര്‍പ്പിച്ച നൂറുകണക്കിന് പ്രതിഭകളുടെ മഹത്തായ ലോകമുണ്ട് നമ്മുടെ മുമ്പില്‍. അത് ഓര്‍മിപ്പിക്കുന്ന ഒരു പുസ്തകമാണ് ലതാമങ്കേഷ്‌കറിന്റെ സംഗീതവും ജീവിതവും എന്ന കൃതി. ജമാല്‍ കൊച്ചങ്ങാടി എഴുതിയ ഈ ജീവചരിത്ര കുറിപ്പുകള്‍ ആറേഴു ശതാബ്ദത്തിനുള്ളില്‍ സംഗീതലോകത്ത് എന്തുസംഭവിച്ചു എന്ന് കൃത്യമായി രേഖപ്പെടുത്തുന്നു.
ലതയെകൊണ്ട് പാടിക്കുന്നില്ലെങ്കില്‍ എനിക്ക് ഈ ചിത്രത്തില്‍ സംഗീതസംവിധാനം ചെയ്യാനാവില്ലെന്ന് പറഞ്ഞ് സ്റ്റുഡിയോ വിട്ടിറങ്ങിയ ഖേംചന്ദ് പ്രകാശ്, ലതയ്ക്ക് മെലഡി സമ്മാനിക്കുകയും മുഹമ്മദ് റാഫിയെ കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ശ്യാം സുന്ദര്‍, ഹിന്ദി ചലച്ചിത്ര സംഗീതത്തിന് സ്വന്തമായി വ്യാകരണമുണ്ടാക്കിയ ബംഗാളി സംഗീതജ്ഞന്‍ അനില്‍ ബിശ്വാസ്, പൂര്‍ണതയില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവനെന്ന് അറിയപ്പെടുന്ന സജ്ജാദ് ഹുസൈന്‍, നാല്‍പതുകളില്‍ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായി അറിയപ്പെട്ട കെ.ദത്ത, ഹുസ്‌നലാല്‍ ഭഗത്‌റാം, ഹന്‍സ് രാജ് ബഹല്‍, ഇന്ത്യന്‍ സംഗീതത്തിലെ മഹാമാന്ത്രികനെന്നറിയപ്പെടുന്ന നൗഷാദ് അലി, ഇവരെല്ലാം ലതയെ വളര്‍ത്തുകയോ ലത അവരെ വളര്‍ത്തുകയോ ചെയ്തു.
ലതയുടെ ഗാനങ്ങളില്‍ കാലങ്ങളിലൂടെ പാടിത്തെളിഞ്ഞ രാഗങ്ങള്‍ തന്നെയാണ് വികാരാര്‍ദ്രമായി ഒഴുകുന്നത്. പക്ഷേ ഏത് രാഗമായാലും അത് അവരുടെ ശബ്ദത്തിലൂടെ പ്രവഹിക്കുമ്പോള്‍ പുതിയ അനുഭവമുണ്ടാകുന്നു. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഒരു ഗായകനെപ്പോഴും അയാളുടെ അസ്ഥിത്വത്തെ അയാളുടെ ഗാനങ്ങളിലൂടെ അനുഭവപ്പെടുത്തുന്നു.
ലതയുടെ മഹത്തായ സംഭാവനകള്‍ ശ്രദ്ധിക്കുമ്പോള്‍ ഇതു നമുക്ക് ബോധ്യം വരും. അതിലേറ്റവും പ്രധാനം മദന്‍മോഹന്‍-ലതാ കൂട്ടുകെട്ടില്‍ പിറന്നുവീണ പാട്ടുകളാണ്. ലതയെ അനശ്വരയാക്കിയ ഒന്നാണത്. ഒരിക്കല്‍ ലത തന്നെ പ്രഖ്യാപിച്ചു: ഗസല്‍ ലോകത്തിലെ ചക്രവര്‍ത്തിയാണ് മദന്‍മോഹന്‍ എന്ന്. 1958ല്‍ ഇറങ്ങിയ അദാലത്ത് എന്ന ചിത്രത്തിനു മദന്‍മോഹന്‍ രചിച്ച് ഈണം നല്‍കിയ യു ഹസ്‌റതോ കി ദാഗ് എന്ന ഗാനം പാടിയതിനെ തുടര്‍ന്നായിരുന്നു ഇത്. അന്‍പഠ് എന്ന ചിത്രത്തിലെ ഹേ ഐസീ യേ പ്യാര്‍കി ആബ്‌റു… കേള്‍ക്കാനിടയായ നൗഷാദ് ഒരിക്കല്‍ പറഞ്ഞു: ഈയൊരൊറ്റ പാട്ടിന് എന്റെ എല്ലാപാട്ടുകളും പകരം വെക്കാം.
ലതയെ മറന്നുകൊണ്ട് നൗഷാദിന് സംഗീതമില്ലായിരുന്നു. ഹിന്ദി ചലച്ചിത്ര സംഗീതത്തില്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവന്ന ചിത്രമത്രേ ബൈജു ബാവ് രാ… ശാസ്ത്രീയ സംഗീത്തിന്റെ പൂര്‍ണതയത്രയും നിറഞ്ഞൊഴുകുന്ന രാഗമാന്ത്രികതയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഹിന്ദി സിനിമ സംഗീതത്തിലെ എക്കാലത്തെയും വലിയ സംഭാവനയത്രേ. ഇതില്‍ ഭൈരവി രാഗത്തില്‍ ലത പാടി…… മൊഹെ ഭൂല്‍ ഗയെ സാവരിയാ.. അങ്ങനെ ചലച്ചിത്ര സംഗീതലോകത്ത് എന്നും നിലനില്‍ക്കുന്ന വിഷാദഗാനങ്ങളിലൊന്നു പിറന്നു. മഹാനായ സംഗീതജ്ഞന്‍ ബര്‍മന്‍ ദാ ഒരിക്കല്‍ പറഞ്ഞു: ലതയും തബലയുമുണ്ടെങ്കില്‍ ഞാന്‍ ട്യൂണുണ്ടാക്കാം.
കലാകാരനില്‍ അന്തര്‍ലീനമായ ക്ഷിപ്രകോപം കൊണ്ട് അതേ ബര്‍മന്‍ ദായും ലതയും പിന്നീട് അഞ്ച് വര്‍ഷം പിരിഞ്ഞിരിക്കേണ്ടി വന്നു. ബര്‍മന്‍ ലതയെ തിരിച്ചുവിളിച്ചു. ലത വീണ്ടും പാടി.
തന്റെ സര്‍ഗാത്മകതകൊണ്ട് മറ്റുള്ളവരെ വിനയാന്വിതരാക്കാന്‍ ലതയ്ക്ക് കഴിയുമായിരുന്നു. അതേ സമയം സംഗീതജ്ഞരുമായി ചില്ലറ സൗന്ദര്യപിണക്കങ്ങളില്‍ ഏര്‍പ്പെടുന്ന പതിവും അവരുടെ ഗുരുത്വദോഷങ്ങളില്‍ പെടുന്നു. എന്നാല്‍ അതത്രയും പലഘട്ടങ്ങളിലായി തിരുത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നു. ഇങ്ങനെ ലോകത്തെ അനുഭാവ പൂര്‍വം കാണുന്ന ഒരു ഗായികയുടെ ഓര്‍മകളാണ് ഈ പുസ്തകത്തിന്റെ ആത്മാവ്.
സംഗീതം ആത്മാവിലനുഭവിച്ച എഴുത്തുകാരന്റെ ഉള്‍ത്തുടിപ്പില്‍ നിന്നാണ് ഈ പുസ്തകം ഉണ്ടായിരിക്കുന്നത്. ഒരു ലതയുടെ ജീവിതം മാത്രമല്ല കൊച്ചങ്ങാടിയുടെ മനസിലുള്ളത്. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരുപാട് കടന്നുവരുന്നു. സംഗീത പ്രതിഭകളെക്കുറിച്ച് നിരന്തരം അന്വേഷിക്കുന്ന ഒരെഴുത്തുകാരന് മാത്രമേ ഈ പുസ്തകം ഇങ്ങനെ എഴുതാനാവൂ.
ലതയുടെ ജീവിതകഥ പറയുന്നതിനിടയില്‍ പ്രതിഭകളുടെ അസ്വാസ്ഥ്യം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നു. ഏത് ജീവചരിത്ര രചനയിലും കാണുന്നതുപോലെ വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകള്‍ ഈ കൃതിയില്‍ കൂടുതലില്ലെന്ന് പറയാം. കാരണം ലതയുടെ ജീവിതത്തിന്റ യഥാതതമായ അനുഭവങ്ങള്‍ തന്നെ വേണ്ടത്ര സമ്പന്നമായിരിക്കുമ്പോള്‍ അത് വേണ്ടല്ലോ.
ലതയുടെ കൂടെ വര്‍ഷങ്ങളോളം താമസിച്ച് അവരുടെ അനുഭവങ്ങള്‍ സ്വായക്തമാക്കിയ ഒരു പങ്കാളിയുടെ അടുപ്പമുണ്ട് ഈ ജീവചരിത്രക്കുറിപ്പിന്. അത്ര തന്‍മയത്തമുള്ള ഒരാവിഷ്‌കാരമാണിത്. ഗായകര്‍, സംഗീതസംവിധായകര്‍, നിര്‍മാതാക്കള്‍, സുഹൃത്തുക്കള്‍ എല്ലാരും ലതയെ ആവശ്യത്തിലധികം സ്‌നേഹിക്കുകയും പലപ്പോഴും അവരെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷേ അവിടെയൊന്നും ലതയുടെ ശബ്ദവും സംഗീതവും തോറ്റുപോയില്ല. ഈ പുസ്തകം തോറ്റുപോകാത്ത ഒരു ഗായികയുടെ കഥകൂടിയാണ്. തീര്‍ച്ചയായും ഒരെഴുത്തുകാരനെന്ന നിലയില്‍ ജമാല്‍ കൊച്ചങ്ങാടിക്ക് അഭിമാനിക്കാം.
Book Name: Lata Mangeshkar: Sangeethavum Jeevithavum
Author: Jamal Kochangadi
Classification: Biography
Page: 272
Price: Rs 175
Publisher: mathrubhumi Books, kozhikode