യേശു ക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ സോണിയയും രാഹുലും അദ്വാനിയും മോഡിയുമെല്ലാമടങ്ങുന്ന കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളാക്കിയും ചിത്രീകരിച്ച് തൃക്കണ്ണാപ്പുരത്ത് പ്രത്യക്ഷപ്പെട്ട ഒരു ഫ്‌ലെക്‌സ് ബോര്‍ഡാണല്ലോ ഇപ്പോള്‍ കേരളത്തിലെ ചൂടേറിയ സംസാരം. ബോര്‍ഡ് സ്ഥാപിച്ച് അരമണിക്കൂറിനുള്ളില്‍ അത് സി.പി.ഐ.എമ്മുകാര്‍ വന്ന് നീക്കം ചെയ്‌തെങ്കിലും മലയാള മനോരമ ഒരാഴ്ച കഴിഞ്ഞ് ഫ്‌ലക്‌സിന്റെ ചിത്രം പ്രസിദ്ധീകരിച്ചു.
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്ര പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ കുരിശിലേറ്റപ്പെട്ട യേശുവിന്റെ ചിത്രം സ്ഥാനം പിടിച്ചത് വാദപ്രതിവാദങ്ങള്‍ക്ക് വഴി തുറന്ന സമയത്താണ് അന്ത്യ അത്താഴ ഫ്‌ലക്‌സ് പത്രത്തില്‍ വരുന്നത്. അതോടെ സംഗതി വിവാദമായി. അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് ക്രൈസ്തവ സഭകള്‍ ആദ്യം പ്രസ്താവനകളും പിന്നീട് പ്രതിഷേധ റാലിയും നടത്തി. കെ.പി.സി.സിയും കെ.സി.ബി.സിയും വാര്‍ത്താ സമ്മേളനം വിളിച്ചു. സി.പി.ഐ.എം ദൈവ വിശ്വാസികളെ വേദനിപ്പിക്കുകയാണെന്നും ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രം അറിയില്ലെന്നും അവര്‍ വിലപിച്ചു.
സി.പി.ഐ.എം എക്കാലത്തും ഇങ്ങിനെയാണെന്നും മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൂടി പറഞ്ഞപ്പോള്‍, ഫ്‌ലെക്‌സ് വെച്ചത് പാര്‍ട്ടിക്കാരല്ലെന്ന് പിണറായി വാര്‍ത്താ സമ്മേളനം വിളിച്ച് കൈയ്യൊഴിഞ്ഞു. ഉടനെ തൃക്കണ്ണാപ്പുരത്തെ ബോര്‍ഡ് സ്ഥാപിച്ച സി.പി.ഐ.എമ്മുകാര്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ട് തങ്ങളാണ് ബോര്‍ഡ് വെച്ചതെന്നും ഇന്റര്‍നെറ്റില്‍ പോയാല്‍ ഇതിലുമധികം അന്ത്യ അത്താഴ പാരടികള്‍ കാണാമെന്നും പറഞ്ഞു.
“ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം, പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം” എന്ന അടിക്കുറിപ്പാണ് തൃക്കണ്ണാപ്പുരത്തെ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിലും മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിച്ച് മലയാള ദിനപത്രങ്ങള്‍ തന്നെ അന്ത്യ അത്താഴത്തിന്മേല്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്.
1990 ഏപ്രില്‍ 13ന് മലയാള മനോരമ തന്നെ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം പ്രമേയമാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.പി സിംഗിനെ യേശു ക്രിസ്തുവാക്കി യേശുദാസന്‍ വരച്ച ഈ കാര്‍ട്ടൂണ്‍ മനോരമ പ്രസിദ്ധീകരിച്ചത് ഒരു ദുഃഖവെള്ളിയിലായിരുന്നു.
2008 ല്‍ കേരളാ കൗമുദിയില്‍ ടി.കെ സുജിത്ത് വരച്ച് കാര്‍ട്ടൂണാണിത്. ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പറും ചില രവിവര്‍മ്മ ചിത്രങ്ങളും സമന്വയിപ്പിച്ചാണ് ഇത് വരച്ചിരിക്കുന്നത്. ഇതില്‍ ക്രിസ്തുവിന്റെ സ്ഥാനത്ത് വി.എസിനെ വരച്ചിരിക്കുന്നു. വി.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കോടിയേരിയും സോണിയയും മന്‍മോഹനുമെല്ലാം ശിഷ്യരായുണ്ട്.
ഔട്ട് ലുക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നിന്നുള്ള ചിത്രമാണിത്. ഗാന്ധി യേശുവിന്റെ സ്ഥാനത്തിരിക്കുന്നു. നെഹ്‌റുവും അംബേദ്കറും ജിന്നയുമെല്ലാം ശിഷ്യരായി ചുറ്റും.
2010 ജൂലൈ 25ന് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നീലഭ് ബാനര്‍ജിയുടേതായി വന്ന കാര്‍ട്ടൂണാണിത്. ലോസ്റ്റ് സപ്പര്‍ എന്ന പേരിട്ട കാര്‍ട്ടൂണില്‍ യേശുവിന്റെ സ്ഥാനത്തിരിക്കുന്നത് ആര്‍.കെ ലക്ഷ്മണിന്റെ സൃഷ്ടിയായ കോമണ്‍ മാന്‍ ആണ്. ചുറ്റും ശിഷ്യരായി കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കള്‍.
Malayalam News