സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്; മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
World News
സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്; മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2022, 7:47 am

മോസ്‌കോ: റഷ്യന്‍ വിപ്ലവ നായകനും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്കും ശീതകാല യുദ്ധത്തിന്റെ അവസാനത്തിലേക്കും വഴിവെച്ച മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 91-ാം വയസില്‍ മോസ്‌കോയില്‍ വെച്ചായിരുന്നു അന്ത്യം.

സോവിയറ്റ് യൂണിയന്റെ എട്ടാമത്തെയും അവസാനത്തെയും നേതാവായിരുന്നു ഗോര്‍ബച്ചേവ്. 1985ലായിരുന്നു ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ അധികാരമേറ്റെടുക്കുന്നത്. 1991ലായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം.

1931ലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ പഠനകാലഘട്ടത്തിലായിരുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായത്. പിന്നീട് 1971ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി.

1985ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റു. ഗോര്‍ബച്ചേവിന് 1990ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയായിരുന്നു അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ പെരിസട്രോക്കിയ, ഗ്ലാസ്‌നോറ്റ് എന്നീ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച നേതാവാണ് ഗോര്‍ബച്ചേവ്. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കാനും സാമ്പത്തിക ഘടനയെ ഡിസെന്‍ട്രലൈസ് ചെയ്യാനും ഗോര്‍ബച്ചേവ് നടത്തിയ ശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നുമാണ് വിലയിരുത്തലുകള്‍.

1947 മുതല്‍ 1991 വരെ നീണ്ടുനിന്ന ശീതയുദ്ധത്തിന് അറുതിയുണ്ടാക്കിയത് ഗോര്‍ബച്ചേവ് ആയിരുന്നു. സോവിയറ്റ് യൂണിയന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗോര്‍ബച്ചേവ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 1990ല്‍ ശീതയുദ്ധം അവസാനിപ്പിക്കുന്നത് ഗോര്‍ബച്ചേവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ രാജ്യം നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചിരുന്നു.

Content Highlight: last president of soviet union Mikhail gorbachev died