ട്വിസ്റ്റിന് പിന്നാലെ ട്വിസ്റ്റും ത്രില്ലറുമായി സിനിമയാക്കാന്‍ പാകത്തിന് ഈ ലോകകപ്പ് പലതും നല്‍കുന്നുണ്ട്; ഒപ്പം പ്രതിസന്ധി ഘട്ടങ്ങളിലെ നായകന്‍മാരും പിന്നെ കട്ട വില്ലനിസവും
ടി-20 ലോകകപ്പില്‍ വീണ്ടുമൊരു ലാസ്റ്റ് ഓവര്‍ ത്രില്ലര്‍ കൂടി. സിംബാബ്‌വേ – ബംഗ്ലാദേശ് മത്സരത്തിലാണ് ബംഗ്ലാ കടുവകളെ വിറപ്പിച്ച് ഷെവ്‌റോണ്‍സ് കീഴടങ്ങിയത്.
അവസാന ഓവറിലെ വിലപ്പെട്ട വിക്കറ്റുകളും പിറന്ന നോ ബോളുമടക്കം നിരവധി ട്വിസ്റ്റുകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വേക്ക് 147 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്നു, നാല് റണ്‍സിന്റെ വിജയം ബംഗ്ലാദേശ് ആഘോഷിക്കവേ സ്റ്റംപിങ്ങിങ്ങില്‍ സംശയം തോന്നിയ തേര്‍ഡ് അമ്പയര്‍ വീണ്ടും ക്രോസ് ചെക്ക് ചെയ്ത് നോ ബോള്‍ വിളിക്കുന്നു, ഒടുവില്‍ 20ാം ഓവറിലെ അവസാന പന്ത് വീണ്ടും എറിയുകയും ചെയ്താണ് ബംഗ്ലാദേശ് ബൗളിങ് അവസാനിപ്പിച്ചത്.
ആദ്യം നാല് റണ്‍സിന്റെ വിജയം ആഘോഷിച്ച ബംഗ്ലാദേശിനെ തേര്‍ഡ് അമ്പയര്‍ തടയുകയും അവസാനം മൂന്ന് റണ്‍സിന്റെ വിജയം അവര്‍ വീണ്ടും ആഘോഷിക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ രണ്ടാം വിജയമാണിത്. ഈ വിജയം അവര്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്റെ സ്റ്റംപിങ്. എന്‍ഗരാവയെ ഒരിക്കല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ശേഷം ആവേശമടങ്ങാതെ വീണ്ടും ഒരിക്കല്‍ക്കൂടി സ്റ്റംപ് തട്ടിക്കളയുകയായിരുന്നു.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ 19ാം ഓവറിലെ അവസാന പന്തുകളിലായിരുന്നു മത്സരം ഇന്ത്യക്ക് അനുകൂലമായതെങ്കില്‍, 19ാം ഓവറിലെ നാലാം പന്തിലാണ് മത്സരം ബംഗ്ലാദേശിന്റെ കയ്യില്‍ വന്നത്.
മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ഷെവ്‌റോണ്‍സിനെ വിജയത്തിന്റെ തൊട്ടടുത്ത് വരെ കൊണ്ടെത്തിക്കുകയും ചെയ്ത സീന്‍ വില്യംസിന്റെ റണ്‍ ഔട്ടായിരുന്നു സിംബാബ്‌വേയെ തോല്‍പിച്ചത്. ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസന്റെ പന്തില്‍ സിംഗിളിന് ശ്രമിച്ച വില്യംസിനെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കിയായിരുന്നു ഷാകിബ് ബംഗ്ലാദേശിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.
വമ്പനടിക്ക് ശ്രമിച്ച് ബ്രാഡ് ഇവാന്‍സ് പുറത്തായപ്പോള്‍ മൂന്ന് പന്തില്‍ നിന്നും ആറ് റണ്‍സുമായി തിളങ്ങാനൊരുങ്ങിയ റിച്ചാര്‍ഡ് എന്‍ഗയുടെ പുറത്താവലും കൂടിയായപ്പോള്‍ സിംബാബ്‌വേയുടെ പതനം പൂര്‍ത്തിയായി.
ലോകകപ്പില്‍ വില്ലനായ മഴ ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഇത്തരത്തിലെ ലാസ്റ്റ് ഓവര്‍ ഫിനിഷുകളും പലപ്പോഴായി പിറന്നിരുന്നു.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരം പോലെ, പാകിസ്ഥാന്‍ – സിംബാബ്‌വേ മത്സരം പോലെ അവസാന ഓവറില്‍ കളിയുടെ ഗതി മാറിയ മറ്റൊരു മത്സരം കൂടിയായിരുന്നു ലോകകപ്പില്‍ പിറന്നത്.
ക്രിക്കറ്റിന്റെ അണ്‍ പ്രഡിക്ടബിലിറ്റി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് പല നായകന്‍മാരും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ വിജയശില്‍പിയായ ഗ്ലെന്‍ ഫിലിപ്‌സ് അതിന് ഒരു ഉദാഹരണം മാത്രം.
ലോകകപ്പ് ഇനിയും പകുതി ദൂരം പോലും പിന്നിട്ടിട്ടില്ല. നോക്ക് ഔട്ട് മത്സരങ്ങള്‍ക്ക് മുമ്പ് ഇത്രത്തോളം ആവേശം ഒളിപ്പിച്ചുവെച്ചാണ് ലോകകപ്പ് കടന്നുപോകുന്നതെങ്കില്‍ നോക്ക് ഔട്ട് ഘട്ടം ഇതിലും ആവേശമാകുമെന്നുറപ്പാണ്, പക്ഷേ മഴ കനിയണം.
Content Highlight: Last over thriller in ICC T20 World Cup, Bangladesh vs Zimbabwe