മലപ്പുറം: എല്ലാവരെയും ഒരുപോലെ ഉള്‍കൊള്ളുന്ന ഇന്ത്യയെ സ്വപ്നം കാണാമെന്ന സ്വാതന്ത്ര്യ ദിന പ്രതീക്ഷയുമായി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ പങ്കാളി റൈഹാന സിദ്ദീഖ്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മകള്‍ മെഹനാസ് കാപ്പന്റെ മുഖം പ്രസന്നമായിരുന്നില്ലെന്നും ഇന്നവള്‍ ചിരിച്ചു കൊണ്ട് സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്നും കാപ്പനും മകളും ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് റൈഹാന ഫേസ്ബുക്കില്‍ കുറിച്ചു.
അവള്‍ ചിരിക്കുമ്പോഴും അവളെ പോലെ ഒരുപാട് കുഞ്ഞുങ്ങള്‍ ഇന്ന് സ്വാതന്ത്ര്യം എവിടെ എന്ന ചോദ്യവുമായി നില്‍ക്കുന്നത് താന്‍ കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മോളുടെ മുഖം ഇത്ര പ്രസന്നമായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം എന്താണ് എന്നാണ് അവള്‍ ചിന്തിച്ചിരുന്നത്. ഇന്നവള്‍ ചിരിച്ച് കൊണ്ട് സ്‌കൂളിലേക്ക് പോയിട്ടുണ്ട്.
അവള്‍ ചിരിക്കുമ്പോഴും അവളെ പോലെ ഒരുപാട് കുഞ്ഞുങ്ങള്‍ ഇന്ന് സ്വാതന്ത്ര്യം എവിടെ എന്ന ചോദ്യവുമായി നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് നടക്കാം.
എല്ലാവരെയും ഒരുപോലെ ഉള്‍കൊള്ളുന്ന ഇന്ത്യ നമുക്ക് സ്വപ്നം കാണാം,’ റൈഹാന പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ പരിപാടിയില്‍ മെഹനാസ് കാപ്പന്‍ നടത്തിയ പ്രസംഗവും ശ്രദ്ധ നേടിയിരുന്നു.
‘ഞാന്‍ മെഹനാസ് കാപ്പന്‍, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകള്‍,’ എന്ന് പറഞ്ഞുകൊണ്ടാണ് മെഹനാസ് പ്രസംഗം ആരംഭിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെക്കുറിച്ചും തന്റെ പിതാവ് സിദ്ദീഖ് കാപ്പനെക്കുറിച്ചുമായിരുന്നു അന്ന് മെഹനാസ് സംസാരിച്ചത്.
2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തിരുന്നു. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു. അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിച്ചു.
എന്നാല്‍ ഇ.ഡി കേസില്‍ അലഹബാദ് കോടതിയും, യു.എ.പി.എ കേസില്‍ സുപ്രീം കേടതിയും ജാമ്യം അനുവദിച്ചതോടെ ഫെബ്രുവരിയില്‍ കാപ്പന്‍ ജയില്‍ മോചിതനാകുകായിരുന്നു. അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായത്.
CONTENT HIGHLIGHTS: Last Independence Day, Mol’s face was not cheerful; Today she went to school smiling: Raihana Siddique