അവസാന പ്രതീക്ഷ രാഷ്ട്രപതി; മണിപ്പൂരില്‍ ഇടപെടാന്‍ കത്തയച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
national news
അവസാന പ്രതീക്ഷ രാഷ്ട്രപതി; മണിപ്പൂരില്‍ ഇടപെടാന്‍ കത്തയച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd July 2023, 10:11 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണമായ നിശബ്ദത പാലിക്കുകയാണെന്നും അവസാന പ്രതീക്ഷ രാഷ്ട്രപതിയിലാണെന്നും കത്തില്‍ പറയുന്നു.

‘നമ്മുടെ സഹോദരങ്ങളെ ഭയാനകമാം വിധം പ്രാകൃതമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നാം അനുവദിക്കില്ല. മണിപ്പൂര്‍ സുഖം പ്രാപിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ അതിന് വേണ്ടി നമ്മള്‍ സഹായിക്കണം. സംസ്ഥാനത്ത് നീതിയും സമാധാനവും ഐക്യവും ഉറപ്പാക്കണം.

പ്രശ്‌നഭരിതമായ ഈ സമയത്ത് വെളിച്ചം കാണിക്കുന്ന പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും അവസാന സ്രോതസ്സായി രാഷ്ട്രപതിയെയാണ് കണക്കാക്കുന്നത്. ക്രൂരതയ്ക്ക് മുന്നിലുള്ള നിശബ്ദത ഏറ്റവും വലിയ ക്രൂരകൃത്യമാണ്. അതുകൊണ്ട് തന്നെ മണിപ്പൂരില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളെക്കുറിച്ചെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്,’ കത്തില്‍ പറയുന്നു.

രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ സംഭവത്തെക്കുറിച്ചും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

‘മണിപ്പൂരില്‍ നാം കണ്ട തരത്തിലുള്ള ശാരീരികവും മാനസികവുമായ ക്രൂരതയ്ക്ക് ആളുകള്‍ വിധേയരാകുന്ന ഒരു അവസ്ഥയിലേക്ക് ഒരു സമൂഹം ഒരിക്കലും എത്തിച്ചേരരുത്. സ്വന്തം ജനതയെ സംരക്ഷിക്കുന്നതില്‍ നിന്നും അക്രമം ഇല്ലാതാക്കുന്നതില്‍ നിന്നും മണിപ്പൂര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

മണിപ്പൂരിലെ സത്യം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശബ്ദം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെയും ഞങ്ങള്‍ കണ്ടു.

രണ്ട് മാസമായി മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുകയാണ്. 4,000 ഓളം പേരെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വംശീയ വിദ്വേഷം അഗാധമായ വിഷമം ഉണ്ടാക്കുന്നു. ക്രമസമാധാനത്തിന്റെ പൂര്‍ണ തകര്‍ച്ചയാണ് അവിടെ നാം കാണുന്നത്,’ അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

content highlights: Last Hope President; Jharkhand Chief Minister has sent a letter to intervene in Manipur