ന്യൂദല്‍ഹി: ആധാര്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയവര്‍ക്കും അതിന്റെ സാധുത ഉറപ്പുവരുത്തിയശേഷം മാത്രമെ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്നും ഭക്ഷ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.
ഈ മാസം 30 നാണ് ആധാര്‍നമ്പര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഇതിനുശേഷം ആധാര്‍ ലഭ്യമാക്കിയ ഉപഭോക്താക്കള്‍ക്ക് മാത്രമെ സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളൂ.
സംസ്ഥാനത്ത് ഇതിനകം റേഷന്‍ കടകള്‍ വഴി ആധാര്‍ നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും.പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പാക്കാനാണ് കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇതുവഴി റേഷന്‍ സാധനങ്ങളുടെ ചോര്‍ച്ചയും ദുരുപയോഗവും തടയാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ക്ഷേമകാര്യങ്ങളില്‍ ആധാറില്‍ കടുംപിടുത്തം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്രം റേഷനിലും ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിര്‍ദ്ദേശവുമായി വന്നിരിക്കുന്നത്.