| Thursday, 3rd December 2020, 8:05 am

കേന്ദ്രത്തിന് ഇത് അവസാന അവസരം; ഇനിയൊരു ചര്‍ച്ചയുണ്ടാകില്ലെന്ന് തറപ്പിച്ചുപറഞ്ഞ് കര്‍ഷകര്‍; അമിത് ഷാ 'പ്രശ്‌നപരിഹാരം' കാണുമെന്ന ആശ്വാസത്തില്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എട്ടാം ദിവസത്തില്‍ എത്തിനില്‍ക്കുന്നു. ഇന്ന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.

ഇത് നാലാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. കര്‍ഷക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്.

ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഈ ചര്‍ച്ച സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല.

എന്നാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷായ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പിയ. ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കര്‍ഷകരുമായി ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും.

കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു.

വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Last Chance For Centre, Updates Farmers Protest

We use cookies to give you the best possible experience. Learn more