ലണ്ടന്‍: ലോകകപ്പില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിയുമെന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. വിരാട് കോഹ്‌ലിക്ക് മികവുറ്റ കളിക്കാരുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് ലീഡ്‌സില്‍ ഇന്ത്യയുമായി കളിക്കാനിറങ്ങുന്നതിനു മുന്‍പാണ് മലിംഗ ഇക്കാര്യം പറഞ്ഞത്. ലോകകപ്പില്‍ ശ്രീലങ്കയുടെ അവസാന കളിയാണിത്. ഇന്ത്യ സെമിഫൈനലില്‍ കടന്നെങ്കിലും, ലങ്ക പുറത്തായിക്കഴിഞ്ഞു.
മഹേന്ദ്ര സിങ് ധോനിയെക്കുറിച്ചും മലിംഗ വാചാലനായി. ധോനിയെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയുമെന്നു താന്‍ വിചാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിനോടു നീതി പുലര്‍ത്താന്‍ ധോനി നന്നായി ശ്രമിക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ വര്‍ഷം കൂടി കളിച്ച് തന്റെ അനുഭവസമ്പത്ത് യുവതാരങ്ങള്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ധോനി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
‘ധോനി ഒന്നോ രണ്ടോ വര്‍ഷം കൂടി കളിക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മികച്ച ഫിനിഷറാണ് ധോനി. ആര്‍ക്കെങ്കിലും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കഴിയുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. ധോനിയെന്ന ക്യാപ്റ്റനില്‍ നിന്ന് ഇന്ത്യക്കു മികച്ച എക്‌സ്പീരിയന്‍സാണ് ലഭിച്ചത്. അതുകൊണ്ടാണ് അവരൊരു വിജയടീമായത്.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെ മലിംഗ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ഒരോവറില്‍ 12 റണ്‍സ് വെച്ച് ജയിക്കാന്‍ വേണമെന്നിരിക്കെ അവസാന അഞ്ചോവറില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന ധോനിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മലിംഗയുടെ പിന്തുണ. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം 33 പന്തില്‍ നിന്ന് 35 റണ്‍സെടുത്തിരുന്നു.