| Saturday, 19th August 2023, 8:36 pm

രാജസ്ഥാനും സഞ്ജുവിനും എട്ടിന്റെ പണി; 'സിംഹം അതിന്റെ മടയിലേക്ക് തിരിച്ചെത്തുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്താനൊരുങ്ങി മുന്‍ താരം ലസിത് മലിംഗ. ബൗളിങ് കോച്ചായാണ് അദ്ദേഹം തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ബൗളിങ് കോച്ചായ മുന്‍ ന്യൂസിലാന്‍ഡ് താരം ഷെയ്ന്‍ ബോണ്ടിനെ മലിംഗ റിപ്ലെയ്‌സ് ചെയ്യും.

ഒമ്പത് വര്‍ഷത്തോളമായി മുംബൈയുടെ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ച താരമാണ് ബോണ്ട്. ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജസ്പ്രീത് ബുംറക്ക് പകരം ഈ സീസണില്‍ ടീമിലെത്തിയ ആകാശ് മധ്‌വാലിനെ പോലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മലിംഗക്ക് സാധിക്കും. മുംബൈക്കായി ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ രണ്ട് ബൗളര്‍മാരില്‍ ഒരാള്‍ മധ്‌വാലായിരുന്നു.

2022ല്‍ ഓസീസിനെതിരെയുള്ള പരമ്പരയില്‍ മലിംഗ ശ്രീലങ്കയുടെ ബൗളിങ് സ്റ്റാറ്റര്‍ജി കോച്ചായി പ്രവര്‍ത്തിച്ചിരുന്നു.

ഐ.പി.എല്‍ ആദ്യ സീസണായ 2008 മുതല്‍ 2020 വരെ മുംബൈയുടെ പ്രധാന താരമായിരുന്നു മലിംഗ. താരം വിരമിക്കുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് ടേക്കറായിരുന്നു. 122 മത്സരത്തില്‍ 170 വിക്കറ്റാണ് അദ്ദേഹം നേടിയത്.

മുംബൈയില്‍ നിന്നും വിരമിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചായിരുന്നു മലിംഗ. 2022ല്‍ രാജസ്ഥാന്‍ ഫൈനല്‍ വരെ എത്തിയപ്പോള്‍ ഈ സീസണില്‍ അഞ്ചാമതായി ഫിനിഷ് ചെയ്യുകയായിരുന്നു.

മുംബൈയോടൊപ്പം നാല് ഐ.പി.എല്‍ കിരീടം നേടാന്‍ മലിംഗക്ക് സാധിച്ചിട്ടുണ്ട്. 2013, 2015, 2017, 2019, എന്നീ സീസണിലായിരുന്നു താരം കിരീടത്തില്‍ മുത്തമിട്ടത്. 2020 സീസണില്‍ മുംബൈ കിരീടം നേടിയപ്പോള്‍ മലിംഗ പരിക്കേറ്റ് പുറത്തായിരുന്നു. 2011ല്‍ മുംബൈയോടൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനം അടുത്ത സീസണില്‍ മാറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മലിംഗയുടെ വരവ് ആരാധകര്‍ ആഘോഷമാക്കുമെന്നുറപ്പാണ്.

Content Highlight: lasith Malinga is coming back to Mumbai Indians As bowling coach

We use cookies to give you the best possible experience. Learn more