ലങ്കന്‍ നായകനായി വീണ്ടും ലസിത് മലിംഗ
Cricket
ലങ്കന്‍ നായകനായി വീണ്ടും ലസിത് മലിംഗ
സ്പോര്‍ട്സ് ഡെസ്‌ക്
2018 Dec 14, 05:03 pm
Friday, 14th December 2018, 10:33 pm

കൊളംബോ: നീണ്ട ഇടവേളയ്ക്ക് ശേഷം ലസിത് മലിംഗ വീണ്ടും ശ്രീലങ്കന്‍ നായകനായി എത്തുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിന്റെ നായകനായാണ് 35കാരനായ ലസിത് മലിംഗയെ തെരഞ്ഞെടുത്തത്.

2016ല്‍ യു.എ.ഇക്കെതിരെ ലങ്കയെ നയിച്ച മലിംഗ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുന്നത്. തുടര്‍ച്ചയായ പരിക്കുകളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ മലിംഗ തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് ക്യാപ്റ്റന്‍ സ്ഥാനം കൂടി ലഭിക്കുന്നത്.

നിരോഷന്‍ ഡിക്വെല്ലയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട എയ്ഞ്ചലോ മാത്യൂസ് 17 അംഗ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റ കുശാല്‍ പെരേരയും ടീമിലുണ്ട്.

കായിക മന്ത്രിയുടെ അഭാവത്തില്‍ പ്രസിഡന്റ്  മെെത്രിപാല സിരിസേനയുടെ അംഗീകാരത്തോടെയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ലങ്കന്‍ ടീമിനെ തെരഞ്ഞെടുത്തത്.

ജനുവരി മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനവും ഒരു ട്വന്റി-20 മത്സരവുമാണ് ലങ്ക കളിക്കുന്നത്.