ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയെ തേടി പുതിയ ചുമതല. ശ്രീലങ്കന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് സ്ട്രാറ്റജിസ്റ്റായാണ് താരത്തെ നിയമിച്ചത്.
ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ സ്ട്രാറ്റജി കോച്ചായാണ് മലിംഗയെ നിയമിച്ചത്.
”ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പരയുടെ വൈറ്റ് ബോള്‍ ദേശീയ ടീമിന്റെ ‘ബൗളിംഗ് സ്ട്രാറ്റജി കോച്ചായി’ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസവും ഏകദിന, ടി-20 ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ ലസിത് മലിംഗയെ നിയമിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിക്കുന്നു.
ടി-20 ഫോര്‍മാറ്റിലെ താരത്തിന്റെ അനുഭവസമ്പത്തും ഡെത്ത് ഓവറുകളിലെ ബൗളിംഗ് മികവും ടീമിനെ അകമഴിഞ്ഞ് സഹായിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്,’ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും താരം ടീമിന്റെ താത്കാലിക പരിശീലകനായി ചേര്‍ന്നിരുന്നു. എന്നാല്‍ പരമ്പരയില്‍ 4-1ന് തോല്‍വിയേറ്റുവാങ്ങാനായിരുന്നു ടീമിന്റെ വിധി.
ദാസുന്‍ ഷണകയുടെ നേതൃത്വത്തിലുള്ള 18 അംഗ ടീമിനെയാണ് ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലായി തെരഞ്ഞെടുത്തിട്ടുള്ളത്. ഐ.പി.എല്ലില്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ച വാനിന്ദു ഹസരങ്കയുടെ നേതൃത്വത്തിലാവും ശ്രീലങ്കയുടെ ബൗളിംഗ് നിര ആക്രമണത്തിനൊരുങ്ങുന്നത്.
ജൂണ്‍ ഏഴിനാണ് പരമ്പരയിലെ ആദ്യ മത്സരം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തൊട്ടടുത്ത ദിവസമാണ് പരമ്പരയിലെ രണ്ടാം മത്സരം. ജൂണ്‍ 11ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം നടക്കുന്നത്.