ലഷ്‌കര്‍ ഇ ത്വയിബ തലവനെ ആഗോളഭീകരരുടെ പട്ടികയില്‍പെടുത്തി യു.എന്‍; യു.എസ്, ഇന്ത്യ നീക്കം വിജയത്തില്‍
World News
ലഷ്‌കര്‍ ഇ ത്വയിബ തലവനെ ആഗോളഭീകരരുടെ പട്ടികയില്‍പെടുത്തി യു.എന്‍; യു.എസ്, ഇന്ത്യ നീക്കം വിജയത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2023, 10:50 am

ലാഹോര്‍: ലഷ്‌കര്‍ ഇ ത്വയിബ (Lashkar-e-Taiba) നേതാവ് അബ്ദുല്‍ റഹ്മാന്‍ മക്കിയെ (Abdul Rehman Makki) ആഗോളഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റേതാണ് നീക്കം.

നിലവില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ ഡെപ്യൂട്ടി അമീറും രാഷ്ട്രീയകാര്യ വിഭാഗം തലവനുമാണ് മക്കി.

മക്കിയെ ആഗോള ഭീകരരുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യു.എന്നിനോട് ഇന്ത്യയും അമേരിക്കയും ഏറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ യു.എസിന്റെയും ഇന്ത്യയുടെയും നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. യു.എന്‍ രക്ഷാസമിതിയില്‍ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ചുകൊണ്ട് ചൈന ഇതിനെ എതിര്‍ക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ ഇന്ത്യയുടെയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിന് മുന്നില്‍ യു.എന്നില്‍ ചൈന പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെയും യു.എസിന്റെയും ഭീകരരുടെ പട്ടികയില്‍ നേരത്തെ തന്നെ മക്കിയെ ഉള്‍പ്പെടുത്തിയിരുന്നു. മക്കിയുടെ മകന്‍ ഒവൈദിനെ 2017ല്‍ ഇന്ത്യന്‍ സൈന്യം കശ്മീരില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു.

കശ്മീരില്‍ ഭീകരസംഘടനകള്‍ നിരന്തരം നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും അബ്ദുല്‍ റഹ്മാന്‍ മക്കിയാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്റെയും അല്‍ ഖ്വയിദയുടെ നേതാക്കളുമായും മക്കിക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രസംഗങ്ങളിലൂടെ പാകിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ വികാരം ഇളക്കിവിടുന്നതിന് പിന്നിലും മക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മക്കിക്കെതിരായ മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലില്ല എന്നായിരുന്നു പാകിസ്ഥാന്റെ വാദം.

മക്കി നിലവില്‍ പാകിസ്ഥാനില്‍ തന്നെയാണുള്ളത്. മൂന്ന് വര്‍ഷം മുമ്പ് ഒരു കേസില്‍ പാക് കോടതി മക്കിയെ കുറ്റക്കാരനായി വിധിച്ചിരുന്നെങ്കിലും പിന്നീട് ഇയാള്‍ പുറത്തിറങ്ങുകയായിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ ത്വയിബ സ്ഥാപകനുമായ ഫാഫിസ് സയിദിന്റെ അടുത്ത ബന്ധുവായ മക്കിയുടെ തലക്ക് അമേരിക്ക 16 കോടി രൂപ വിലയിട്ടിരുന്നു.

Content Highlight: Lashkar-e-Taiba chief Abdul Rehman Makki designated as global terrorist by UN