കറാച്ചി: ലഷ്‌കറെ ത്വയ്ബയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുമെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. കാശ്മീരില്‍ മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന വലിയ എന്‍.ജി.ഒ ആണ് ലഷ്‌കറെ ത്വയിബയെന്നും അവരുമായി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും മുഷറഫ് പറഞ്ഞു.
പാക്കിസ്ഥാനി ന്യൂസ് ചാനലായ ആജ് ന്യൂസുമായി സംസാരിക്കവേയാണ് മുഷറഫ് നിലപാട് വ്യക്തമാക്കിയത്. ലഷ്‌കറെ ത്വയിബയേയും ജമാഅത്ത് ഉദ്ദവയേയും അനാവശ്യമായി മതില്‍ക്കെട്ടിനപ്പുറം നിര്‍ത്തുകയാണെന്നും മുഷറഫ് പറഞ്ഞു.
“ഇത് നമ്മുടെ രാജ്യമാണ്. നമ്മുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് നമുക്ക് നന്നായി അറിയാം. നമ്മുടെ രാജ്യത്തെ നല്ല ആളുകള്‍ ആരെല്ലാമെന്നും മോശം ആളുകള്‍ ആരെല്ലാമാണെന്നും അറിയാം. ഇവിടെ ആരാണ് അറസ്റ്റ് ചെയ്യപ്പെടേണ്ടതെന്ന് നമ്മെ ആരും പഠിപ്പിക്കേണ്ടതില്ല. ലഷ്‌കറെ ത്വയിബയും ജമാഅത്ത് ഉദ്ദ്അവയും വളരെ മികച്ച സംഘടനകള്‍ തന്നെയാണ്. പാക്കിസ്ഥാന്റെ നന്മയ്ക്ക് വേണ്ടിയാണ് അവരുടെ പ്രവര്‍ത്തനം” മുഷറഫ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഇതുവരെ അവരുമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അവര്‍ അതിന് സന്നദ്ധമാകുകയാണെങ്കില്‍ ഇരു സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഷറഫ് പറയുന്നു.
കാശ്മീരില്‍ ലഷ്‌കറെ ത്വയിബ ആരുടേയും ജീവനെടുത്തിട്ടില്ല. എന്നിട്ടും അന്താരാഷ്ട്ര സമൂഹം അവരെ ഭീകരവാദികളായി ചിത്രീകരിക്കുകയും കാശ്മീരിന്റെ യഥാര്‍ത്ഥ അവസ്ഥയെ അവഗണിക്കുകയുമായിരുന്നു.
ലഷ്‌കര്‍ ഇ ത്വയിബയുടേയും ജമാഅത്ത് ഉദ്ദവയേയും ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും അവരുടെ ആളുകള്‍ക്കും തന്നെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും മുഷറഫ് പറഞ്ഞു.