| Monday, 23rd November 2015, 3:46 pm

അപവാദപ്രചരണം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ചെറുകഥാകൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ ലാസര്‍ഷൈനിന്റെ രസകരമായ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തനിക്കെതിരെ പോസ്റ്റര്‍ പ്രചരണം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ചെറുകഥാകൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ ലാസര്‍ ഷൈനിന്റെ ക്രിയാത്മകമായ മറുപടി. ചുംബന സമരത്തിന് ചൂട്ടുപിടിച്ച ഉളവയ്പ്പിലെ ഡി.വൈ.എഫ്.ഐ നേതാവ് ലാസര്‍ ഷൈനും രാഹുല്‍ പശുപാലനും തമ്മിലുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്നും ചുംബന സമരത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി നാടിന്റെ സംസ്‌കാരത്തെ അപമാനിച്ച സി.പി.ഐ.എം മാപ്പ് പറയണമെന്നുമായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പോസ്റ്ററുകള്‍.

ചുംബന സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന രാഹുല്‍ പശുപാലനും ഭാര്യരശ്മിയും പെണ്‍വാണിഭക്കേസില്‍ പിടിയിലായ സംഭവം യുവമോര്‍ച്ചയടക്കമുള്ള സംഘപരിവാര്‍ സംഘടനകളും മറ്റ് മത ജാതി സംഘടനകളും ചുംബന സമരത്തിനെതിരെ ആയുധമാക്കിയിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുത്തവര്‍ കുറ്റകൃത്യത്തിന് പിടിയിലായതിന്റെ പേരില്‍ സമരത്തിന്റെ രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്നതിനെതിരെ ലൈസര്‍ ഷൈന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

സമരത്തെ സമരമായും കുറ്റകൃത്യത്തെ കുറ്റകൃത്യമായും കാണണമെന്നായിരുന്നു ലാസര്‍ഷൈനിന്റെ നിലപാട്. ചുംബന സമരത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ കുറ്റകൃത്യത്തിന് പിടിയിലായെന്നു വെച്ച് സമരത്തിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടമാവുന്നില്ലെന്നും. നേരത്തെ നിരവധി മത ജാതി രാഷ്ട്രീയ പ്രമുഖര്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിന്റെയൊന്നും പേരില്‍ ഇതുവരെ ഒരു മതത്തിന്റേയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് ലാസര്‍ ഷൈനിന്റെ നിലപാട്.

ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാര്‍ നേതാക്കളുടെ വാദങ്ങള്‍ക്ക് ലാസര്‍ ഷൈന്‍ നല്‍കിയ മറുപടികള്‍ ചുംബനസമരത്തിനെതിരെ പെണ്‍വാണിഭക്കേസ് ഉയര്‍ത്തിപ്പിടിച്ചെത്തിയവരുടെ വായടപ്പിക്കുന്നതായിരുന്നു. ഇതോടെയാണ് ലാസര്‍ ഷൈനിനെതിരെ പോസ്റ്റര്‍ പ്രചരണവുമായി യുവമോര്‍ച്ച രംഗത്ത് വന്നത്. ഈ പോസ്റ്ററുകള്‍ക്കുള്ള മറുപടി ഉടന്‍ തന്നെയെത്തുമെന്ന് ലാസര്‍ ഷൈന്‍ ഫേസ്ബുക്കില്‍ മറുപടിയും നല്‍കി. മണിക്കൂറുകള്‍ക്കുള്ളിലാണ് യുവമോര്‍ച്ചക്കാരെ പരിഹസിച്ചുകൊണ്ട് ലാസര്‍ ഷൈനിന്റെ പോസ്റ്ററുകള്‍ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടത്.

We use cookies to give you the best possible experience. Learn more