പട്ന: ഗോവയ്ക്ക് പിന്നാലെ ബിഹാറിലും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) രംഗത്ത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സാധ്യതയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സാഹചര്യത്തിലാണ് ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ തേജസ്വി യാദവ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരുമായി ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് ആര്‍.ജെ.ഡി.
Read Also : കര്‍ണാടക പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തിയ കര്‍സേവ
2015ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും (ജെ.ഡി.യു) കോണ്‍ഗ്രസും ചേര്‍ന്ന “മഹാസഖ്യ”മാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍, 2017 ജൂലൈയില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരണം തുടരുകയായിരുന്നു. 243 അംഗ അസംബ്ലിയില്‍ ഭരണകക്ഷിക്ക് 131 സീറ്റുണ്ട്. കേവലഭൂരിപക്ഷത്തിന് ഇവിടെ 122 സീറ്റുകളാണ് ആവശ്യം.
എന്നാല്‍, കര്‍ണാടകയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ ക്ഷണിക്കാതെ ഗവര്‍ണര്‍ വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍, തങ്ങളെയും സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തേജസ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കാണാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ബിഹാറില്‍ 70 സീറ്റോടെ രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി (53), കോണ്‍ഗ്രസ് (27) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.
നേരത്തെ കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ബി.ജെ.പി അധികാരത്തിലേറിയ ഗോവയിലും
സമാന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 16 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് നാളെ ഗവര്‍ണറെ കാണാന്‍ അനുവാദം തേടിയിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു.