| Monday, 6th March 2017, 4:26 pm

രാജ്യത്തെ ഏറ്റവും ഉയരമുള്ള ദേശീയ പതാക അമൃത്സറില്‍ സ്ഥാപിച്ചു; എതിര്‍പ്പുമായി പാക് സൈന്യം രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ദേശീയപതാക അമൃത്സറില്‍ സ്ഥാപിച്ചു. അട്ടാരിയില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് 360 അടി ഉയരമുള്ള ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥാപിച്ച പതാക അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്ന അവകാശവാദവുമായി പാക് സൈന്യം രംഗത്തെത്തി. പതാക മാറ്റി സ്ഥാപിക്കണമെന്നും പാക് സൈന്യം ആവശ്യപ്പെട്ടു.


Also read യു.ഡി.എഫ് സര്‍ക്കാരിന്റെ പല ഉത്തരവുകളിലും ഉമ്മന്‍ചാണ്ടി ഒപ്പിട്ടത് ചട്ടവിരുദ്ധമായി: സി.എ.ജി റിപ്പോര്‍ട്ട്


120 അടി നീളവും 80 അടി വീതിയുമുള്ള പതാകയാണ് കൊടിമരത്തിലുള്ളത്. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് നോക്കിയാല്‍ വരെ കാണാനാവുന്ന തരത്തിലുള്ളതാണ് അട്ടാരിയില്‍ സ്ഥാപിച്ച പതാക എന്നാണ് റിപ്പോര്‍ട്ടുകള്‍. 3.50 കോടി മുതല്‍മുടക്കില്‍ പഞ്ചാബ് സര്‍ക്കാര്‍ നിര്‍മ്മിച്ച കൊടിമരം സംസ്ഥാന മന്ത്രി അനില്‍ ജോഷിയാണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രത്യേക അനുമതി പ്രകാരമായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടത്തിയത്. വൈകുന്നേരങ്ങളില്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍ ചടങ്ങ് നടക്കുന്ന കാഴ്ചകാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പുതിയ പുതിയ കൊടിമരവും പതാകയും. “ബീറ്റിങ് റിട്രീറ്റ് പരേഡിന്” പതാകയുടെ ഉദ്ഘാടനത്തോടെ ആയിരങ്ങളാണ് അട്ടാരിയില്‍ എത്തിച്ചേരുന്നത്.

അട്ടാരിയില്‍ സ്ഥാപിച്ചത് തങ്ങളുടെ സ്വപ്‌ന പദ്ധതിയായിരുന്നെന്ന് ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി പറഞ്ഞു. അമൃത്സറിലെ രഞ്ജിത്ത് അവന്യൂ പബ്ലിക് പാര്‍ക്കില്‍ നിലവില്‍ 170മീറ്റര്‍ ഉയരത്തില്‍ ദേശീയ പാതകയുണ്ട്. പുതിയ പതാക ജാര്‍ഖണ്ഡിലെ 293 അടി ഉയരമുള്ള ദേശീയ പതാകയുടെ റെക്കോര്‍ഡാണ് മറികടന്നത്.

അതിര്‍ത്തിയിലെ പതാക അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും ഇത് മാറ്റി സ്ഥാപിക്കണമെന്നും പാക് സൈന്യമായ റേഞ്ചേഴ്‌സ് ബി.എസ്.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഉടമ്പടികള്‍ക്കൊന്നും വിരുദ്ധമല്ലെന്ന നിലപാടാണ് ഇന്ത്യന്‍ അധികൃതര്‍.

We use cookies to give you the best possible experience. Learn more