കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്ലാഘട്ട് ബില്‍ഡിംഗിലാണ് തീ പിടുത്തം ഉണ്ടായത്.
സംഭവത്തില്‍ നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മരിച്ചത്. കെട്ടിടത്തിന്റെ 13-ാം നിലയിലായിരുന്നു തീപിടിത്തം. സംഭവത്തില്‍ നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും ഒരു റെയില്‍വേ ഓഫീസറും ഒരു സുരക്ഷാജീവനക്കാരനും മരിച്ചു.
ഈസ്റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലെ ലിഫ്റ്റിലാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അഗ്നിരക്ഷാ സേനയുടെ 25ഓളം ഫയര്‍ എന്‍ജിനുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. സംഭവത്തില്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ദുഖം രേഖപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാത്രി 11 മണിയോടെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അപകടത്തില്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും റെയില്‍വേയുടെ കെട്ടിടത്തിലാണ് അപകടം ഉണ്ടായതെന്നും മമത പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക