| Friday, 29th July 2022, 5:13 pm

അയാള്‍ ബാഴ്‌സയില്‍ തന്നെ കളി നിര്‍ത്തും: ലയണല്‍ മെസി ബാഴ്‌സയിലെക്ക് തിരിച്ചെത്താനുള്ള സാധ്യത വര്‍ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക ഫുട്‌ബോളിലെ എക്കാലത്തെയും വലിയ ഇതിഹാസമാണ് ലയണല്‍ മെസി. നിലവില്‍ പി.എസ്.ജിയുടെ താരമാണ് അദ്ദേഹം. എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ താരം ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതിയ കോച്ചായ സാവിക്കും പ്രസിഡന്റ് ലാപോര്‍ട്ടക്കും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

അര്‍ജന്റീനയുടെ സൂപ്പര്‍താരമായ ലയണല്‍ മെസി ബാഴ്സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ക്ലബ് പ്രസിഡന്റ് യോന്‍ ലപോര്‍ട്ട പറയുന്നത്. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് കരാര്‍ പുതുക്കാനാവാതെ വന്നതിനാല്‍ കഴിഞ്ഞ സമ്മറില്‍ ക്ലബ് വിട്ട മെസി അടുത്ത വര്‍ഷം ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് ലപോര്‍ട്ടയുടെ പ്രതികരണം.

‘ഞങ്ങളാരും ഒരിക്കലും ആഗ്രഹിച്ചതു പോലെയല്ല മെസിയുടെ ബാഴ്‌സയിലെ കാലഘട്ടം അവസാനിച്ചത്. സാമ്പത്തികപ്രതിസന്ധികള്‍ മൂലമുള്ള പരിമിതികളാണ് അതിന് കാരണമായത്. ഞങ്ങള്‍ അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. താരത്തിന്റെ കരിയര്‍ ബാഴ്സ ജേഴ്സിയില്‍ തന്നെ അവസാനിപ്പിക്കാനും എല്ലാ സ്റ്റേഡിയങ്ങളിലും കയ്യടി നേടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

‘ഇതു ഞങ്ങളുടെ ആഗ്രഹവും അഭിലാഷവുമാണ്. ഇതേക്കുറിച്ച് ഒഫീഷ്യലായി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. നിലവിലെ അവസാനം ഒരു ഉത്തരവാദിത്തമാണെന്ന് തോന്നുന്നു, അത് താല്‍ക്കാലികമായ ഒന്നാണെന്നും കരുതുന്നു. ഈ അഭിലാഷം യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്.’ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ലപോര്‍ട്ട പറഞ്ഞു.

കുറച്ചുദിവസങ്ങളായി മെസി ബാഴ്സയിലേക്ക് തിരിച്ചു വരുമെന്നും ബാഴ്സലോണ പരിശീലകന്‍ സാവി അതിനായി ക്ലബ്ബിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പി.എസ്.ജിയുമായി കരാറുള്ള മെസിക്ക് 2023ല്‍ അവസാനിക്കുമ്പോള്‍ മാത്രമേ ബാഴ്സയിലേക്ക് തിരിച്ചു വരാന്‍ ചെറിയ സാധ്യതയെങ്കിലുമുള്ളൂ.

Content Highlights: Laporta says Lionel Messi will retire in Barcelona Jersey

Latest Stories

We use cookies to give you the best possible experience. Learn more