| Wednesday, 29th June 2022, 5:54 pm

'ക്ഷമ വേണം സമയമെടുക്കും': ലെവന്‍ഡോസ്‌കിയോട് കാത്തിരിക്കണമെന്ന് സ്പാനിഷ് ക്ലബ്ബ് പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍താരമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണ്‍ വരെ ബയേണുമായി കരാറുള്ള താരത്തിന് പക്ഷെ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. ബാഴ്‌സലോണയുമായി കരാര്‍ ഒപ്പിടാനുള്ള പുറപ്പാടിലായിരുന്നു ലെവന്‍ഡോസ്‌കി.

താരത്തെ ടീമില്‍ എത്തിക്കാന്‍ ബാഴ്‌സക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ലെവന്‍ഡോസ്‌കിയെ നേരിട്ട് വിളിച്ച് ക്ഷമ പാലിക്കാന്‍ പറഞ്ഞിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ് ലപോര്‍ട്ട.

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ നേരിട്ട് വിളിച്ച് ട്രാന്‍സ്ഫര്‍ നീക്കങ്ങളുടെ കാര്യത്തില്‍ ക്ഷമയോടെ തുടരാനും ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ഉടനെ തീരുമാനമാക്കാമെന്നും യോന്‍ ലപോര്‍ട്ട പറഞ്ഞു. ബയേണ്‍ മ്യൂണിക്ക് വിട്ട് ബാഴ്സലോണയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന താരത്തിന്റെ ട്രാന്‍സ്ഫര്‍ ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലപോര്‍ട്ട താരത്തെ നേരിട്ടു വിളിച്ചത്.

ബയേണ്‍ മ്യൂണിക്കുമായി ഒരു വര്‍ഷത്തെ കരാര്‍ മാത്രം ബാക്കി നില്‍ക്കുന്ന റോബര്‍ട്ട് ലെവന്‍ഡോസ്‌കി ക്ലബ് വിടണമെന്നും ബാഴ്സലോണയിലേക്ക് ചേക്കേറാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ വിമുഖത കാണിക്കുന്ന ബയേണ്‍ മ്യൂണിക്ക് ബാഴ്സലോണ നല്‍കിയ ഓഫറുകളെല്ലാം നിലവില്‍ തള്ളിയിരിക്കുകയാണ്.

നിലവില്‍ മുന്നോട്ടു വെച്ച ഓഫറുകളൊന്നും ബയേണ്‍ മ്യൂണിക്ക് സ്വീകരിച്ചില്ലെങ്കിലും താരത്തെ സ്വന്തമാക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് ബാഴ്സലോണ. ടീം ഇപ്പോഴും ശാന്തരായി തുടരുകയാണെന്ന് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ പരുങ്ങലില്‍ തന്നെ തുടരുകയാണെങ്കിലും അതിനെ മറികടന്ന് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിക്കാന്‍ കഴിയുമെന്നാണ് ലപോര്‍ട്ട അടക്കമുള്ളവര്‍ ഉറച്ചു വിശ്വസിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ലപോര്‍ട്ട ലെവന്‍ഡോസ്‌കിയെയും താരത്തിന്റെ ഏജന്റായ പിനി സഹാവിയെയും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ക്ഷമയോടെ തുടരാന്‍ ആവശ്യപ്പെട്ട അദ്ദേഹം സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമായ താരത്തെ എന്തായാലും ടീമിലെത്തിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

ലപോര്‍ട്ടയോട് ലെവന്‍ഡോസ്‌കി ഒരേയൊരു അഭ്യര്‍ത്ഥന മാത്രമേ നടത്തിയുള്ളൂവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ബയേണ്‍ മ്യൂണിക്കിനൊപ്പം പ്രീ സീസണ്‍ തുടങ്ങുന്നത് ജൂലൈ 12നു ആയതിനാല്‍ അതിനു മുന്‍പ് ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നാണ് താരം ആവശ്യപ്പെട്ടത്. ട്രാന്‍സ്ഫറിന് വേണ്ടി ലെവന്‍ഡോസ്‌കി ചെലുത്തുന്ന സമ്മര്‍ദ്ദത്തെ ലപോര്‍ട്ട അഭിനന്ദിക്കുകയും ചെയ്തു.

തിരിച്ചുവരവിന്റെ പാതയിലുള്ള ബാഴ്‌സയുടെ മുഖമാകണം തനിക്കെന്ന് ലെവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു പറഞ്ഞിരുന്നു.

Content Highlights: Laporta calls Lewandoski to join barcelona

We use cookies to give you the best possible experience. Learn more