| Saturday, 29th July 2023, 8:38 am

മെസിയെ ഇന്റര്‍ മയാമി ജേഴ്‌സിയില്‍ വിചിത്രമായി തോന്നുന്നു: ലപോര്‍ട്ട

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സൈനിങ്ങിലെ ചില തടസങ്ങള്‍ കാരണം ബ്രൂഗ്രാനക്കൊപ്പം ബൂട്ടുകെട്ടണമെന്ന മെസിയുടെ ആഗ്രഹം സാധ്യമായില്ല. തുടര്‍ന്ന് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായി താരം സൈനിങ് നടത്തി.

മയാമിയുടെ ജേഴ്‌സിയില്‍ മെസിയെ സങ്കല്‍പ്പിക്കാനാകുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ട. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെ കാണുമ്പോള്‍ എന്തോ വിചിത്രത തോന്നുന്നെന്നും എന്നാല്‍ എം.എല്‍.എസ് കളിക്കാനെടുത്ത മെസിയുടെ തീരുമാനത്തെ തങ്ങള്‍ ബഹുമാനിക്കുന്നെന്നും ലപോര്‍ട്ട പറഞ്ഞു. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെ കാണുമ്പോള്‍ എന്തോ വിചിത്രത തോന്നുന്നു. മെസിയെ കൂടുതലും ബാഴ്‌സലോണ ജേഴ്‌സിയിലാണ് കണ്ടിട്ടുള്ളത്. അവന്റെ ആരാധകര്‍ അവനെ കൂടുതലും അങ്ങനെയാണ് കണ്ടിട്ടുള്ളത്.

പക്ഷെ ഞങ്ങള്‍ മെസിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഞങ്ങളുടെ താരങ്ങള്‍ക്ക് നല്ലത് സംഭവിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തന്റെ 14ാമത്തെ വയസിലാണ് മെസി ബാഴ്‌സയിലെത്തിയത്. തുടര്‍ന്ന് 20 വര്‍ഷം അവനിവിടെ ചെലവഴിച്ചു. മയാമിയില്‍ അവന്‍ വളരെ സന്തോഷവാനാണെന്നാണ് ഞാന്‍ കരുതുന്നത്,’ ലപോര്‍ട്ട പറഞ്ഞു.

അതേസമയം, ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമിയുടെ രണ്ടാം മത്സരത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞ് മെസിപ്പട വിജയിച്ചിരുന്നു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ വിജയം.

മെസിയുടെ ഇരട്ട ഗോളിലാണ് മയാമി ലീഗ്‌സ് കപ്പിലെ തങ്ങളുടെ രണ്ടാം വിജയവും കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്താനും മയാമിക്ക് സാധിച്ചു.

മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടിയിരുന്നു. അറ്റ്‌ലാന്റയുടെ ഗോള്‍മുഖത്തെ വിറപ്പിച്ച ഷോട്ടുമായി മെസിയാണ് മയാമിയെ മുമ്പിലെത്തിച്ചത്. ഇന്റര്‍ മയാമിയിലെ അരങ്ങേറ്റ മത്സരത്തിലും ഗോള്‍ നേടിയ മെസി ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ച്ചയായ 15 പരാജയങ്ങള്‍ക്കൊടുവിലാണ് ഇന്റര്‍ മയാമി രണ്ട് മത്സരങ്ങളില്‍ വിജയിക്കുന്നത്.

Content Highlights: Laporta About Lionel Messi’s Inter Miami Signing

We use cookies to give you the best possible experience. Learn more