തിരുവന്തപുരം: സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിങ് രണ്ട് മണിക്കൂറില്‍ നിന്ന് വീണ്ടും ഒന്നര മണിക്കൂറാക്കി കുറച്ചു. പകല്‍ ഒരു മണിക്കൂറും വൈകിട്ട് അര മണിക്കൂറുമായിരിക്കും ഇനി ലോഡ്‌ഷെഡ്ഡിങ്. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.[]
പകല്‍ ഒന്‍പതിനും അഞ്ചിനും ഇടയില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറും വൈകീട്ട് ഏഴിനും പതിനൊന്നിനും ഇടയില്‍ അരമണീക്കൂര്‍ വീതവും വൈദ്യുതി നിയന്ത്രണമുണ്ടാകും.
രാവിലെ ആറിനും ഒന്‍പതിനും ഇടയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ നിയന്ത്രണം ഇനി ഉണ്ടാവില്ല. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് ലോഡ്‌ഷേഡ്ഡിങ് സമയം പുനക്രമീകരിച്ചത്.
കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് താല്‍ച്ചര്‍ താപനിലയത്തില്‍ ഉടലെടുത്തിരുന്ന പ്രതിസന്ധി പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണ് പകല്‍ സമയത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് കേന്ദ്ര വിഹിതം കുറയുന്നതിനു കാരണമായി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കോള്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള തര്‍ക്കമാണ് താല്‍ച്ചറില്‍ പ്രതിസന്ധിയുണ്ടാക്കിയത്.
താല്‍ച്ചര്‍ നിലയത്തിലെ വൈദ്യുതി ഉത്പാദന പ്രതിസന്ധി നീങ്ങിയതോടെ, വെട്ടിക്കുറച്ച കേന്ദ്രവിഹിതം ഘട്ടംഘട്ടമായി കേരളത്തിന് കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ കേന്ദ്രവിഹിതമായ ആറ് ദശലക്ഷം യൂണിറ്റും കേരളത്തിന് കിട്ടുമെന്നാണ് കരുതുന്നത്.