ക്രിക്കറ്റ് 20 ഓവറിലേക്ക് ചുരുങ്ങിയപ്പോള്‍ അതിന്റെ ആവേശം പതിന്മടങ്ങാണ് വര്‍ധിച്ചത്. ടി-20 ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് പുറമെ നിരവധി ടി-20 ഫ്രാഞ്ചൈസി ലീഗുകളും ഇത്തരത്തില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് തുടക്കം കുറിച്ച ഐ.സി.എല്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ പിന്നാലെ വന്ന ഐ.പി.എല്‍ കഥയൊന്നാകെ മാറ്റിമറിച്ചു. ഇന്ത്യയില്‍ ക്രിക്കറ്റിന് പുതിയ ആസ്വാദന രീതി തന്നെ കെട്ടിപ്പടുക്കാന്‍ ഐ.പി.എല്ലിനായി.
ക്രിക്കറ്റ് ലോകത്തിലെ കിരീടം വെച്ച രാജാക്കന്‍മാരായിരുന്ന ഓസ്‌ട്രേലിയയായിരുന്നു ഇത്തരം ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് ലോകോത്തര നിലവാരം നല്‍കിയത്. ബി.ബി.എല്‍ എന്ന ബിഗ് ബാഷ് ലീഗിനുള്ള ആരാധകവൃന്ദവും ചില്ലറയല്ല.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്ന പി.എസ്.എല്ലും കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്ന സി.പി.എല്ലും തുടങ്ങി ഒട്ടേറെ ലീഗുകളാണ് ടി-20 ഫോര്‍മാറ്റിന്റെ ആവേശം ഒപ്പിയെടുത്തിട്ടുള്ളത്.
അറിയപ്പെടാത്ത പല താരങ്ങളുടെയും വിശ്വരൂപം ഇത്തരം ലീഗുകളിലൂടെയായിരിക്കും പുറത്ത് വരിക. ഇപ്പോഴിതാ, ശ്രീലങ്കയുടെ സ്വന്തം ടി-20 ലീഗായ ലങ്കന്‍ പ്രീമിയര്‍ ലീഗ് എന്ന എല്‍.പി.എല്ലിലാണ് പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത് ലങ്കന്‍ താരം സെക്കുഗെ പ്രസന്ന ഒരിക്കല്‍ കൂടി ആരാധകരെ ഞെട്ടിച്ചത്.
കൊളംബോ സ്റ്റാര്‍സും ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് കാണികള്‍ ഒരിക്കല്‍ കൂടി കുട്ടിക്രിക്കറ്റിന്റെ വന്യതയും വശ്യതയും ഒരുപോലാസ്വദിച്ചത്.
‘പ്രായമായാലും എന്റെ പവറൊന്നും പോയ്‌പ്പോവൂല മോനേ’ എന്ന മട്ടിലായിരുന്നു 36കാരനായ പ്രസന്ന ലങ്കന്‍ യുവതാരം ലാഹിരു കുമാരയെ പഞ്ഞിക്കിട്ടത്.
നേരിട്ട ആറ് പന്തില്‍ അഞ്ചും സിക്‌സറുകള്‍ പറത്തിയാണ് പ്രസന്ന തന്റെ വിശ്വരൂപം ഒരിക്കല്‍ കൂടി പുറത്തെടുത്തത്. അവസാന ഓവറില്‍ ജയിക്കാനായി 16 റണ്‍സ് വേണ്ടപ്പോള്‍ തുടര്‍ച്ചയായി 3 പന്തില്‍ സിക്‌സറടിച്ചാണ് പ്രസന്ന കൊളംബോയെ വിജയത്തിലേക്കെത്തിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lankan player smashes 5 sixes in 6 balls