ചരിത്രത്തിലെ രണ്ടാമന്‍; ലോകകപ്പില്‍ പരാജയമാണെങ്കിലും ലങ്കയില്‍ തിളങ്ങുന്നു; കാന്‍ഡി കോട്ട തകര്‍ത്ത് ഷദാബ്
Sports News
ചരിത്രത്തിലെ രണ്ടാമന്‍; ലോകകപ്പില്‍ പരാജയമാണെങ്കിലും ലങ്കയില്‍ തിളങ്ങുന്നു; കാന്‍ഡി കോട്ട തകര്‍ത്ത് ഷദാബ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 11:02 am

ലങ്ക പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേട്ടവുമായി സൂപ്പര്‍ താരം ഷദാബ് ഖാന്‍. കഴിഞ്ഞ ദിവസം പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കാന്‍ഡി ഫാല്‍ക്കണ്‍സ് – കൊളംബോ സ്‌ട്രൈക്കേഴ്‌സ് മത്സരത്തിലാണ് സ്‌ട്രൈക്കേഴ്‌സ് താരം ഷദാബ് ഹാട്രിക് നേടിയത്.

കാന്‍ഡി നായകന്‍ വാനിന്ദു ഹസരങ്കയെ വീഴ്ത്തി തുടക്കം കുറിച്ച ഷദാബ് തൊട്ടടുത്ത പന്തുകളിലായി പാകിസ്ഥാനിലെ തന്റെ സഹ താരം ആഘാ സല്‍മാനെയും പവന്‍ രത്‌നനായകയെയും മടക്കിയാണ് ഹാട്രിക് നേട്ടം പൂര്‍ത്തിയാക്കിയത്.

ലങ്ക പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഹാട്രിക് പൂര്‍ത്തിയാക്കുന്ന രണ്ടാമത് മാത്രം താരമാണ് ഷദാബ് ഖാന്‍. 2022ല്‍ കൊളംബോ സ്റ്റാര്‍സിനെതിരെ ഹസരങ്കയാണ് ഇതിന് മുമ്പ് എല്‍.പി.എല്ലില്‍ ഹാട്രിക് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ കാന്‍ഡി നായകന്‍ ഹസരങ്ക എതിരാളികളെ ബാറ്റിങ്ങിനയച്ചു. സധീര സമരവിക്രമ, ക്യാപ്റ്റന്‍ തിസര പെരേര, മുഹമ്മദ് വസീം എന്നിവരുടെ മികച്ച ഇന്നിങ്‌സന്റെ കരുത്തില്‍ കൊളംബോ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി.

സമരവിക്രമ 26 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ തിസര പെരേര 30 പന്തില്‍ 38 റണ്‍സും മുഹമ്മദ് വസീം 18 പന്തില്‍ 32 റണ്‍സും നേടി. 25 റണ്‍സ് നേടിയ ചമീക കരുണരത്‌നെയുടെയും 20 റണ്ണടിച്ച ഷദാബ് ഖാന്റെയും പ്രകടനവും ടോട്ടലില്‍ നിര്‍ണായകമായി.

കാന്‍ഡിക്കായി വാനിന്ദു ഹസരങ്കയും കാസുന്‍ രജിതയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആഘാ സല്‍മാന്‍, ദാസുന്‍ ഷണക, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കാന്‍ഡിക്ക് ദിനേഷ് ചണ്ഡിമലും ആന്ദ്രേ ഫ്‌ളച്ചറും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. ചണ്ഡിമല്‍ 26 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ 24 റണ്‍സാണ് ഫ്‌ളെച്ചര്‍ സ്വന്തമാക്കിയത്.

25 റണ്‍സ് വീതം നേടിയ ഹസരങ്കയും ഏയ്ഞ്ചലോ മാത്യൂസും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്താന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

15ാം ഓവറിലാണ് ഷദാബ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ഓവറിലെ നാലാം പന്തില്‍ ഹസരങ്കയെ മുഹമ്മദ് വസീമിന്റെ കൈകളിലെത്തിച്ച് മടക്കിയ ഷദാബ് ആഘാ സല്‍മാനെ ക്ലീന്‍ ബൗള്‍ഡാക്കിയും രത്‌നനായകെയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും മടക്കി.

 

ഒടുവില്‍ 15.5 ഓവറില്‍ ഫാല്‍ക്കണ്‍സ് 147ന് ഓള്‍ ഔട്ടായി.

സ്‌ട്രൈക്കേഴ്‌സിനായി ദുനിത് വെല്ലാലാഗെയും ഷദാബ് ഖാനും നാല് വിക്കറ്റ് വീതം നേടിയപ്പോള്‍ ബിനുര ഫെര്‍ണാണ്ടോയും ഗ്ലെന്‍ ഫിലിപ്‌സും ഓരോ വിക്കറ്റും നേടി.

സീസണിലെ ആദ്യ മത്സരം വിജയിച്ച സ്‌ട്രൈക്കേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.