Spoiler Alert
അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങിയ വണ്ടര്‍ വുമണ്‍ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. പല ഭാഷകള്‍ സംസാരിക്കുന്ന, പല സ്ഥലത്തു നിന്നുമുള്ള, ഗര്‍ഭിണികളുടെ ഏതാനും ദിവസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നന്ദിത നടത്തുന്ന സുമാനയിലാണ് എല്ലാവരും ഗര്‍ഭകാലത്തിന്റെ അവസാന ദിവസങ്ങളിലെ ക്ലാസിന് എത്തുന്നത്.
അതിലൊരാളാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള ജയ. സുമാനയിലെ ക്ലാസ് കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം അവര്‍ കേരളത്തിലേക്ക് വരുന്നത്.
ഒരു നിഷ്‌കളങ്കയാണ് ജയ. അവര്‍ക്ക് ഇംഗ്ലീഷോ മലയാളമോ അറിയില്ല. നന്ദിതയാവട്ടെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുള്ളതുകൊണ്ട് ഇംഗ്ലീഷിലാണ് ക്ലാസ് എടുക്കുന്നത്. ഇംഗ്ലീഷ് അറിയാത്ത തന്റെ നിസഹായവസ്ഥ ജയ വിശദീകരിക്കുന്നുണ്ട്.
ഹിന്ദിയില്‍ സംസാരിക്കാമോ എന്നാണ് നന്ദിതയോട് ജയ ചോദിക്കുന്നത്. പക്ഷേ ക്ലാസിലുള്ള പലര്‍ക്കും ഹിന്ദി അറിയില്ല എന്ന പറയുമ്പോള്‍ എന്താ അറിയാന്മേലാത്തത്, ഹിന്ദി രാഷ്ട്ര ഭാഷയല്ലേ എന്നാണ് ജയ തിരിച്ച് ചോദിക്കുന്നത്. സൗത്ത് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഇത് കേള്‍ക്കുമ്പോള്‍ ശക്തമായി പ്രതികരിക്കുന്നു.
ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളാണെന്നും രാഷ്ട്രഭാഷയല്ലെന്നും അവര്‍ ജയയോട് പറയുന്നു. ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും സൗത്ത് ഇന്ത്യന്‍സാണെന്നും ഹിന്ദിയില്‍ ക്ലാസെടുക്കുന്നത് സൗത്ത് ഇന്ത്യന്‍ കഥയെടുത്ത് ഹിന്ദിയില്‍ സിനിമയാക്കുന്നത് പോലിരിക്കുമെന്നും ഒരു കഥാപാത്രം പറയുന്നുണ്ട്.
സൗത്ത് ഇന്ത്യക്കാരെയും അവരുടെ ഭാഷകളെയുമെല്ലാം ചേര്‍ത്ത് മദ്രാസി എന്ന് വിളിക്കുന്ന രീതിയും ജയയുടെ സംഭാഷണങ്ങളില്‍ കാണാം. മദ്രാസി എന്നൊരു ഭാഷയില്ലെന്നും തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, തുളു തുടങ്ങിയ ഭാഷകളാണ് സൗത്ത് ഇന്ത്യയില്‍ സംസാരിക്കുന്നതെന്നും മറ്റുള്ളവര്‍ ജയക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.
ഒരു വിധത്തില്‍ നോര്‍ത്ത് ഇന്ത്യയിലുള്ള സാധാരണക്കാരായ ആളുകളില്‍ ഭൂരിഭാഗത്തിന്റെയും ചിന്താഗതിയാണ് ജയയിലൂടെ കാണുന്നത്. കാലങ്ങളായുള്ള സാമൂഹിക രാഷ്ട്രീയ കാരണങ്ങളാലാണ് ഇങ്ങനെയുള്ള മദ്രാസി വിളികള്‍ ഉരുത്തിരിഞ്ഞ് വരുന്നത്.
സൗത്ത് ഇന്ത്യയെ രണ്ടാം തരമായി കണക്കാക്കുന്ന മനോഭാവങ്ങളെ കൂടിയാണ് ഈ രംഗം വിമര്‍ശന വിധേയമാക്കുന്നത്. ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്നവരും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നതും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
കാലങ്ങളായി ഹിന്ദി ഭാഷക്ക് മാറ്റ് ഭാഷകള്‍ക്ക് മേലെ ഒരു അപ്രമാദിത്വം ഉണ്ടാക്കാന്‍ ഒരു വിഭാഗം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു രംഗത്തിന് വീണ്ടും പ്രാധാന്യമേറുകയാണ്. ഒരു രാഷ്ട്രീയ പ്രസ്താവന മുമ്പോട്ട് വെക്കുമ്പോഴും ഏച്ചുകെട്ടലില്ലാതെ അത് സ്വഭാവികതയോടുകൂടി പറഞ്ഞുപോയി എന്നതും ശ്രദ്ധേയമാണ്.
Content Highlight: language politics in wonder women