ഫീമെയില്‍ ഹ്യൂമര്‍ എഴുതാന്‍ വലിയ ബുദ്ധമുട്ടാണെന്ന് നടി ഉര്‍വശി. ചാള്‍സ് എന്റര്‍പ്രൈസസ് എന്ന സിനിമയുടെ ഭാഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫീമെയില്‍ ഹ്യൂമര്‍ എഴുതാന്‍ അറിയുന്ന എത്രപേര്‍ ഇന്നുണ്ട് എന്ന് തനിക്കറിയില്ലെന്നും, സ്ത്രീകളുടെ കോമഡി പണ്ടത്തേക്കാള്‍ മാറിയിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു.
എല്ലാകാലത്തും ഫീമെയില്‍ ഹ്യൂമര്‍ ചെയ്യുന്നതിന് ഭാഷാപരമായ പരിമിതകളുണ്ടെന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് പുരഷന്‍മാര്‍ ഉപയോഗിക്കുന്നതുപോലെ സ്വതന്ത്രമായി ഭാഷ ഉപയോഗിക്കാനാകില്ലെന്നും സ്ത്രീകള്‍ ഇങ്ങനെയൊക്കെ പറയാമോ എന്ന ചോദ്യം വരുമെന്ന് അഭിമുഖത്തില്‍ ഉര്‍വശി പറയുന്നു.
‘ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ഫിമെയില്‍ ഹ്യൂമര്‍ എഴുതാന്‍ വലിയ ബുദ്ധമുട്ടാണ്. അത് എഴുതാനറിയുന്ന എത്രപേര്‍ ഇന്നുണ്ട് എന്ന് എനിക്കറിയില്ല. സ്ത്രീകളുടെ കോമഡി പണ്ടത്തേക്കാള്‍ മാറിയിട്ടുണ്ട്. പണ്ട്, അപ്പുറത്തെ വീട്ടിലെ ജോലിക്കാരി, അയല്‍ക്കാരെപ്പറ്റി ഇത്രയുമൊരു ഇട്ടാവട്ടത്തുള്ള തമാശകളേ സ്ത്രീകള്‍ പറയാറുണ്ടായിരുന്നുള്ളൂ. അത് പുരുഷന്‍മാര്‍ക്ക് രസിക്കണമെന്നില്ല.
ഇന്നും അന്നും ഫീമെയില്‍ ഹ്യൂമര്‍ ചെയ്യുമ്പോള്‍ അവരുടെ ഭാഷക്ക് നിയന്ത്രണങ്ങളുണ്ട്. പുരുഷന്‍ ഉപയോഗിക്കുന്നതുപോലെ സ്വതന്ത്രമായ ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല. പെണ്ണുങ്ങള്‍ ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിക്കും. കഥയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഹ്യൂമര്‍ എല്ലാ കാലത്തും വിജയിക്കും’ ഉര്‍വശി പറഞ്ഞു.
ചാള്‍സ് എന്റര്‍പ്രൈസസാണ് ഊര്‍വശിയുടെ ഏറ്റവും പുതിയ സിനിമ. ഇന്ന് റിലീസ് ചെയത സിനിമയില്‍ ഉര്‍വശിക്കൊപ്പം ബാലു വര്‍ഗീസ്, തമിഴ് നടന്‍ കലൈവരസന്‍ തുടങ്ങിയവരും അഭിനിയിക്കുന്നുണ്ട്. സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത സിനിമ കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ഒരു തമിഴ് തൊഴിലാളിയുടെയും കാഴ്ച പരിമിതിയുള്ള ഒരു ചെറുപ്പക്കാരന്റെയും കഥയാണ് പറയുന്നത്. തമിഴ് തൊഴിലാളി കുടുംബത്തിലെ മകനായി കലൈവരസനും കാഴ്ച പരിമിതയുള്ള ചെറുപ്പക്കാരനായി ബാലു വര്‍ഗീസുമാണ് അഭിനയിച്ചിട്ടുള്ളത്. ബാലുവര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായാണ് ഉര്‍വശി ഈ സിനിമയില്‍ അഭിനയിക്കുന്നത്.
content highlights; Language has limitations when it comes to female humor : Urvasi