| Thursday, 1st August 2024, 8:59 am

ആ ചിത്രത്തിലുള്ളവർ ജീവനോടെയുണ്ട്; മരിച്ചെന്ന് പറഞ്ഞ് തങ്ങളുടെ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുണ്ടക്കൈ: താനും സഹോദരിമാരും മരിച്ചെന്ന രീതിയില്‍ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചതിനെതിരെ ചൂരല്‍ മലയിലെ ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട ധീരജ്. ധീരജും സഹോദരിമാരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പത്രങ്ങളിലും ചാനലുകളിലും പ്രചരിച്ചിരുന്നു.

ധീരജും കുടുംബവും മരിച്ചെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് ധീരജ് തന്നെ കഴിഞ്ഞ ദിവസം രം​ഗത്തെത്തി. തകര്‍ന്നുവീണ വീട്ടില്‍ ധീരജും സഹദരിമാരും ഒന്നിച്ചുള്ള ചെളിപുരണ്ട ചിത്രമാണ് പ്രചരിച്ചിരുന്നത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താനും കുടുംബവും സുരക്ഷിതരാണെന്നും ധീരജ് പറഞ്ഞു.

‘ചേച്ചിമാര്‍ രണ്ടുപേരം സ്ഥലത്തില്ല. ഞാനും കുടുംബവും സുരക്ഷിതരാണ്. എന്നാല്‍ മാധ്യമങ്ങളിലെല്ലാം ഞങ്ങളുടെ ഫോട്ടോ പ്രചരിച്ചത് മരിച്ചെന്ന് പറഞ്ഞാണ്. സംഭവം നടക്കുമ്പോള്‍ ഞാനും അമ്മയും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്,’ ധീരജ് പറഞ്ഞു.

ശബ്ദം കേട്ടപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തുള്ള കുന്നിലേക്ക് ഓടിക്കയറുകയായിരുന്നു. ഫോണ്‍ തകര്‍ന്നതിനാല്‍ തങ്ങളെ അന്വേഷിച്ച് വിളിക്കുന്ന ആളുകളെ സുരക്ഷിതരാണെന്ന് അറിയിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ധീരജ് പറഞ്ഞു.

തന്റെ വീടിന് ചുറ്റുമുള്ള എല്ലാ വീടുകളും ഒലിച്ചുപോയി. ആരെക്കുറിച്ചും ഒരു വിവരവുമില്ല. ആകെ രണ്ടുമൂന്ന് വീടുകളില്‍ ഉള്ളവര്‍ക്ക് മാത്രമേ രക്ഷപ്പെടാന്‍ സാധിച്ചുള്ളുവെന്നും ബാക്കി വീടുകളെല്ലാം പൂര്‍ണമായി തകര്‍ന്ന നിലയിലാണെന്നും ധീരജ് കൂട്ടിച്ചേര്‍ത്തു.

ഒന്നാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ ഞങ്ങള്‍ രക്ഷപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ മുറ്റത്തെല്ലാം ചെളിയും മണ്ണും നിറഞ്ഞിരുന്നു. അപ്പോള്‍ തന്നെ താനും കുടുംബവും ഒപ്പം കുറച്ച് അയല്‍വാസികളും ഓടി കുന്നിന്‍ മുകളിലേക്ക് കയറുകയായിരുന്നു. ഒന്നാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ പരിസരത്തെ ആറ് വീടുകള്‍ ഒഴികെ ബാക്കിയെല്ലാ വീടുകളും മണ്ണിനടിയില്‍ ആയെന്നും ധീരജ് കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 282 ആളുകളാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 200ലധികം ആളുകളെയാണ് കാണാതായത്. 1000ത്തിലധികം ആളുകളെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്താൻ ആയെന്ന് കഴിഞ്ഞ ദിവസം മുഖ്യന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

ചാലിയാറിലെ തിരച്ചിലും വ്യാഴാഴ്ച രാവിലെ ആരംഭിച്ചിച്ചുണ്ട്. ചാലിയാർ പുഴ കേന്ദ്രീകരിച്ച് വ്യപക തിരച്ചിൽ നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു. വെള്ളത്തിന്റെ ഒഴുക്ക് കാരണം രൂപപ്പെട്ട തുരുത്തുകളിൽ മൃതദേഹങ്ങൾ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. 134 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്നും ഇതുവരെ കണ്ടെടുത്തത്.

Content Highlight: Landslide survivors not to spread their photos saying they are dead

We use cookies to give you the best possible experience. Learn more