മൂന്നാര്‍: മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.
ഉരുള്‍പൊട്ടലില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. പ്രദേശത്തെ 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ്- ഫയര്‍ഫോഴ്‌സ് സംഘമാണ് 450ലധികം പേരെ മാറ്റിപാര്‍പ്പിച്ചത്.
ഉരുള്‍പൊട്ടലില്‍ മൂന്നാര്‍- വട്ടവട പാതയുടെ പുതുക്കുടിയിലെ ഒരു ഭാഗം തകര്‍ന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
കേരള- തമിഴ്‌നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും. അതിനാല്‍ ഡാമുകളിലും മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നുവിടാനും സാധ്യതയുണ്ട്.
സെക്കന്റില്‍ 2,219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2,166 ഘനയടി വെള്ളം തമിഴ്‌നാടും കൊണ്ടുപോകുന്നുണ്ട്.
മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പുയര്‍ന്നു. 2381.78 അടിയിലേക്ക് ജലനിരപ്പെത്തിയതോടെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഡാമില്‍ 75 ശതമാനം വെള്ളം മാത്രമാണുള്ളതെങ്കിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. 2382.53 അടിയാണ് റെഡ് അലര്‍ട്ട് പരിധി.
Content Highlight: Landslide reported in Idukki Munnar