നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍. ചുരത്തില്‍ 100 ല്‍ അധികം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. നിലമ്പൂര്‍ ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് കനത്ത മഴയെ തുടര്‍ന്ന് ചുരത്തിലെ നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്.
പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. പന്ത്രണ്ടോളം ഭാഗങ്ങളില്‍ റോഡില്‍ കൂറ്റന്‍ മരം വീണ് ഗതാഗത തടസ്സമുണ്ടായി. തേന്‍പാറക്ക് മുകളിലായി തമിഴ്‌നാട് അതിര്‍ത്തി വരെയാണ് റോഡില്‍ മരം വീണത്. ഗൂഡല്ലൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ മണ്ണ് വീണു.
യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സും നിലമ്പൂര്‍, വഴിക്കടവ്, എടക്കര, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യു യൂണിറ്റുകളും ആംബുലന്‍സും പോലീസുകാരും നാട്ടുകാരും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. മലവെള്ളപ്പാച്ചിലില്‍ കാരക്കോടന്‍ പുഴ കരകവിഞ്ഞൊഴുകി അമ്പതിലേറെ വീടുകളില്‍ വെള്ളം കയറി. വീട്ടുപകരണങ്ങളും മറ്റും ഒഴുകിപ്പോയി.