ഇടുക്കി: ഇടുക്കിയിലെ കുമളിക്ക് സമീപം ഒട്ടകത്തലമേട്ടില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. ഉരുള്‍പൊട്ടി സമീപത്തെ തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുകയായിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിന് ശേഷമാണ് ഉരുള്‍പൊട്ടിയത്. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിശക്തമായ സാഹചര്യത്തിലാണ് മഴയ്ക്കുള്ള സാധ്യതകള്‍ വര്‍ധിച്ചത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി.
ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുല്ലതിനാല്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കെ.എസ്.ഇ.ബി 13 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.