Advertisement
Kerala News
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായ ആൾക്കായി തെരച്ചിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 30, 11:08 am
Tuesday, 30th July 2024, 4:38 pm
എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. മഞ്ഞചീൾ സ്വദേശി കുലത്തിങ്കൽ മാത്യു എന്ന മത്തായിയെയാണ് കാണാതായതെന്നാണ് റിപ്പോർട്ടുകൾ. എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.

കുറ്റ്യാടി മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി. തൊട്ടിൽ പാലം പുഴ കര കവിഞ്ഞൊഴു കുകയാണ്. ഇരുവഴിഞ്ഞി പുഴയും ചെറു പുഴയും ചാലിയാരും കര കവിഞ്ഞൊഴുകുകയാണ്. ഇത് വലിയ ഭീഷണിയുയർത്തുന്നുണ്ട്.

കൈതപ്പൊയില്‍ – ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റ്യാടി മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി.

കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി.

കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയര്‍ത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് കോഴിക്കോട് അടക്കം എട്ട് ജില്ലകളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: landslide in kozhikod vilaghad