കോഴിക്കോടും മലപ്പുറത്തുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുടുംബങ്ങള്‍ ഒലിച്ചുപോയി; പതിനാറു പേരേ കാണാതായി
Kerala News
കോഴിക്കോടും മലപ്പുറത്തുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുടുംബങ്ങള്‍ ഒലിച്ചുപോയി; പതിനാറു പേരേ കാണാതായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th June 2018, 11:34 am

കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ നാശനഷ്ടങ്ങള്‍ പെരുകുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം അഞ്ചിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്.

താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുടുംബങ്ങള്‍ ഒലിച്ച് പോയതായി റിപ്പോര്‍ട്ടുകള്‍. കരിഞ്ചോല സ്വദേശികളായ ഹസന്റെ വീട്ടില്‍ നിന്ന് ഏഴു പേരും അബ്ദുള്‍ റഹ്മാന്റെ കുടുംബത്തില്‍ നിന്ന് നാലുപേരെയുമാണ് കാണാതായത്.

ഇവര്‍ മണ്ണിനടിയില്‍ പെട്ടതായാണ് സംശയിക്കുന്നത്. പ്രദേശത്ത് ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.


ALSO READ: തോക്കുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖര്‍ പിണറായി വിജയനും, പി.സി ജോര്‍ജും, ഷിബു ബേബി ജോണും


മലപ്പുറത്ത് എടവണ്ണയിലും കോഴിക്കോട് പുല്ലൂരാന്‍പാറ ജോയ് റോഡ്, താമരശ്ശേരി, കരിഞ്ചോല എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കരിഞ്ചോല ഭാഗങ്ങളില്‍ ആറോളം വീടുകള്‍ മണ്ണിനടിയിലായി.

ഉരുള്‍പ്പൊട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് കുടുംബങ്ങളിലെ അംഗങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കളക്ടര്‍ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. സേനാംഗങ്ങള്‍ തൃശൂരില്‍നിന്ന് ഉച്ചയോടെ എത്തുമെന്നാണ് വിവരം. റോഡുകള്‍ പുഴയായതോടെ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

കോഴിക്കോട്, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.