കോഴിക്കോട്: കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ.
കേന്ദ്ര ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. റഡാറുകളും തിരച്ചിലിനായി ഉപയോഗിക്കും.ക ഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ നേരത്തെ മരിച്ച ഹസ്സന്റെ ഭാര്യ ആസിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് വരെ 13 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.
അതേസമയം ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലയില്‍ തടയണകള്‍ നിര്‍മിച്ചതിനെ കുറിച്ച് വിദഗ്ദ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടയണകള്‍ നിര്‍മിച്ചത് ഉരുള്‍പൊട്ടലിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അപകടം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടത്തി. പിന്നീട് കേന്ദ്ര സഹായവും ലഭിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ കോഴിക്കോട്ട് ക്യാമ്പ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിഞ്ചോലയില്‍ എല്ലാവിധത്തിലുള്ള രക്ഷാപ്രവര്‍ത്തനവും നടന്നുവെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും പറഞ്ഞു. താനടക്കമുള്ള മന്ത്രിമാര്‍ കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സര്‍ക്കാരിന് സാധിക്കുന്ന എല്ലാ സഹായവും മേഖലയില്‍ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.