പ്രളയം വന്നപ്പോൾ ചിലർ പറഞ്ഞു, മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയം ഉണ്ടാവില്ലായിരുന്നു എന്ന്. അതൊക്കെ വസ്തുതാവിരുദ്ധമാണ്
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ പഠന റിപ്പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള പ്രചരണം തള്ളി മുഖ്യമന്ത്രി. ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാകാലത്തും ചിലരിങ്ങനെ ഉന്നയിക്കുന്നതാണെന്നും, അതിനെ അങ്ങനെ കണ്ടാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
പ്രളയം വന്നപ്പോൾ ചിലർ പറഞ്ഞു, മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയം ഉണ്ടാവില്ലായിരുന്നു എന്ന്. അതൊക്കെ വസ്തുതാവിരുദ്ധമാണ്. ഇതൊക്കെ എല്ലാകാലത്തും പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങൾക്കപ്പുറത്ത്, നമ്മൾ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ ഉൾകൊള്ളേണ്ടതുണ്ട്. അതിനെയാണ് ഗൗരവമായി സമീപിക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കാർബൺ ബഹിർഗമനം, ആഗോള താപനം തുടങ്ങിയവയെയെല്ലാം ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. എന്നാൽ ഈ സമയം താൻ അത്തത്തിലൊരു ചർച്ചയിലേക്ക് നീങ്ങുന്നില്ലെന്നും, ഇത് അതിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. നടപടിയെടുക്കാത്തപക്ഷം കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്നും ഭയപ്പെടുത്തുന്നതും നിങ്ങള്‍ക്ക് മനസിലാകും,’ എന്നാണ് മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നത്.
ഇതിനുപിന്നാലെയാണ് 2020 ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തത്തിന് കേരളം സാക്ഷിയാകുന്നത്. 66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്. ഈ ദുരന്തത്തെ തുടര്‍ന്ന് മാധവ് ഗാഡ്ഗില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
‘എന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ ഒന്ന് വിശ്വസിക്കൂ,’ എന്നായിരുന്നു ഗാഡ്ഗിലിന്റെ പ്രതികരണം.