കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ഇ.കെ വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടാത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത യുവാവ്. കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടിയ ഭാഗത്ത് 5 പേരുടെ മൃതദേഹം കണ്ടെടുത്തത് ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ ഇവിടെ കുഴിക്കൂ എന്ന് പറഞ്ഞ സ്ഥലത്താണെന്ന് പറഞ്ഞ നാസര്‍ ഫൈസിയുടെ പോസ്റ്റിനെതിരെയാണ് അബ്ദുല്‍ മജീദ് എന്നയാള്‍ രംഗത്തെത്തിയത്.
“നിങ്ങള്‍ വന്ന് സന്ദര്‍ശിച്ച സ്ഥലവും മൃതദേഹം കണ്ടെത്തിയ സ്ഥലവും തമ്മില്‍ 200 മീറ്ററില്‍ അധികം ദൂരമുണ്ട്, ഈ 200 മീറ്റര്‍ അകലെ നിന്നായിരുന്നോ ഇതാ ഇവിടെ കുഴിക്കൂ എന്ന് തങ്ങള്‍ പറഞ്ഞത്.? രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കരുത്. ഇത് വിശ്വസിക്കുന്ന കുറച്ച് പേര്‍ നിങ്ങളുടെ കൂടെയുണ്ടാവാം എന്നാല്‍ സത്യമറിയുന മഹാ ഭൂരിപക്ഷം പേര്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കുക”. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മജീദ് പറയുന്നു.
നിങ്ങളുടെ ഈ ഫോട്ടോയില്‍ സൈഡില്‍ പുറകില്‍ നില്‍ക്കുന്നത് ഞാനാണ്, ഞാന്‍ അവിടെ വളണ്ടിയര്‍ ആയിരുന്നു. പുറകില്‍ നില്‍ക്കുന്നത് എന്റെ സുഹൃത്ത് പോലീസുകാരനായ സാജന്‍ പുതിയോട്ടില്‍, ഇദ്ദേഹം അവിടെ ഡ്യൂട്ടിയില്‍ ആയിരുന്നു. എന്നും അദ്ദേഹം പറയുന്നു.
Read Also : മുസ്‌ലിംവോട്ടുകള്‍ കോണ്‍ഗ്രസിനെ കൈവിടുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കോണ്‍ഗ്രസിന് ശക്തമായ മുന്നറിയിപ്പുമായി ഇ.കെ വിഭാഗം സമസ്തയുടെ മുഖപത്രം
“ഒരു ഗ്രാമത്തെയും ഗ്രാമവാസികളെയും തുടച്ചെടുത്ത കട്ടിപ്പാറ കരിഞ്ചോല ദുരന്ത മലയിലും ദുരിതാശ്വാസ ക്യാമ്പിലും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും തുടര്‍ന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സമസ്ത നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും ഞങ്ങള്‍ പ്രവര്‍ത്തകരും കടന്നെത്തി. പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഗ്രാമവാസികളെ ആശ്വസിപ്പിച്ചു. മയ്യിത്തുകള്‍ ഇനിയും ലഭിക്കാനുള്ളതിന്റെ സങ്കടങ്ങളാണ് ജനങ്ങള്‍ക്ക് കണ്ണീരോടെ നിരത്താനുള്ളത്.ദുരന്തം വിതച്ചഭൂമിയില്‍ കടന്ന് നിന്ന് സയ്യിദ് ജിഫ്രി തങ്ങള്‍ അല്പം ശബ്ദത്തോടെ തന്നെ പറഞ്ഞു: “നിങ്ങളിതാ അവിടെ തിരഞ്ഞോളൂ, ” കേട്ടിരുന്ന ഒരു നാട്ടുകാരന്‍ പറഞ്ഞു ” തങ്ങളേ അവിടെ സാധ്യതയില്ല ഒരു വീട്ടിലുള്ളവരെ അവിടന്നാണ് കിട്ടിയത്.ഇനിയുണ്ടാവാന്‍ സാധ്യതയില്ല””- തങ്ങള്‍ പറഞ്ഞു: “അതൊക്കെ ആയിക്കോട്ടേ, നിങ്ങള്‍ അവിടെ തന്നെ തിരഞ്ഞോളീ ” .തുടര്‍ന്ന് നടന്നിറങ്ങി താഴ് വാരത്തുള്ള അടുത്ത ഒരു വീട്ടില്‍ കയറി തങ്ങള്‍ ദുആ ചെയ്തു. പിന്നീട് തിരിച്ചു പോയി. തിരച്ചില്‍ അവിടെ തന്നെ ശക്തമാക്കി. രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഒന്നിന് പിറകെ മറ്റൊന്നായി ആസ്ഥലത്ത് നിന്ന് 4 മയ്യിത്തുകള്‍ കൂടി കണ്ടെടുത്തു”. എന്നായിരുന്നു നാസര്‍ ഫൈസിയുടെ പോസ്റ്റ്. സന്ദര്‍ശിക്കുന്നതിന്റെ ഫോട്ടോ സഹിതമായിരുന്നു കുറിപ്പ്.
ഫൈസിയുടെ കുറിപ്പിനെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് അറിയാമെങ്കില്‍ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് തിരയുന്നത്, എവിടെയാണെന്ന് നേരത്തെ വന്ന് കാണിച്ചു തന്നാല്‍ പോരായിരുന്നോ എന്നും അങ്ങിനെയാണെങ്കില്‍ ഇനി രണ്ട് മയ്യിത്തുകള്‍ കൂടി കിട്ടാനുണ്ട്. അത് തങ്ങള്‍ വന്ന് കാണിച്ചു തരുമോ എന്ന വെല്ലുവിളികളും ഉണ്ടായിരുന്നു.
അതിന് തങ്ങള്‍ അങ്ങിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു എന്നതിന് നിരവധി പേര്‍ സാക്ഷികളാണെന്നും പലരും അത് വാട്‌സാപ്പിലൂടെ തുറന്ന് പറഞ്ഞു കഴിഞ്ഞെന്നുമായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട നാസര്‍ ഫൈസിക്ക്,
കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടിയ ഭാഗത്ത് 5 പേരുടെ മൃതദേഹം കണ്ടെടുത്തത് ജിഫ്രി തങ്ങള്‍ ഇവിടെ കുഴിക്കൂ എന്ന് പറഞ്ഞ സ്ഥലത്താണെന്ന് പറഞ്ഞ് താങ്കളുടെ FB Post കണ്ടു.
പ്രിയപ്പെട്ട ഫൈസി ഒരു കാര്യം പറയട്ടെ നിങ്ങളുടെ ഈ ഫോട്ടോയില്‍ സൈഡില്‍ പുറകില്‍ നില്‍ക്കുന്നത് ഞാനാണ് ഞാന്‍ അവിടെ വളണ്ടിയര്‍ ആയിരുന്നു ,പുറകില്‍ നില്‍ക്കുന്നത് എന്റെ സുഹൃത്ത് പോലീസുകാരനായ സാജന്‍ പുതിയോട്ടില്‍, ഇദ്ദേഹം അവിടെ ഡ്യൂട്ടിയില്‍ ആയിരുന്നു.
ഇനി കാര്യത്തിലേക്ക് വരാം…
നിങ്ങള്‍ വന്ന് സന്ദര്‍ശിച്ച സ്ഥലവും മൃതദേഹം കണ്ടെത്തിയ സ്ഥലവും തമ്മില്‍ 200 മീറ്ററില്‍ അധികം ദൂരമുണ്ട്, ഈ 200 മീറ്റര്‍ അകലെ നിന്നായിരുന്നോ ഇതാ ഇവിടെ കുഴിക്കൂ എന്ന് തങ്ങള്‍ പറഞ്ഞത്.? രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കരുത്. ഇത് വിശ്വസിക്കുന്ന കുറച്ച് പേര്‍ നിങ്ങളുടെ കൂടെയുണ്ടാവാം എന്നാല്‍ സത്യമറിയുന മഹാ ഭൂരിപക്ഷം പേര്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കുക.
സസ്‌നേഹം
മജീദ് താമരശ്ശേരി