| Friday, 9th August 2019, 8:09 am

ഉരുള്‍പൊട്ടിയ പുത്തുമലയില്‍ ഒരു മൃതദേഹം കണ്ടെത്തി; 50-ല്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ ഒരു മൃതദേഹം കണ്ടെത്തി. 50 ല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്.

എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

സൈന്യത്തെ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മണ്ണ് മാറ്റുന്നതിനിടെ വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാ പ്രവര്‍ത്തനം ദുസ്സഹമാക്കുന്നുണ്ട്. പരിക്കേറ്റ പത്ത് പേര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രദേശത്ത് നടന്നുമാത്രമേ എത്താന്‍ പറ്റുകയുള്ളു എന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രശ്നമാകുന്നുണ്ട്. അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളൂ. രക്ഷാപ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്.

സംസ്ഥാനത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി.

ഇന്നലെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മഴ നിലയ്ക്കാത്ത സാഹചര്യത്തിലാണ് ഇന്നു പുലര്‍ച്ചെ 14 ജില്ലകളിലേക്കും അവധി നീട്ടിയത്.

ഇന്നു നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more