നമുക്ക് ഒരു നാടിനെ തന്നെ വീണ്ടെടുക്കേണ്ടതുണ്ട്. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കേണ്ടതുണ്ട്, അവരെ രക്ഷിക്കണം. എല്ലാവരും ഈ സമയം ഒന്നിച്ചു നിൽക്കുക
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നല്കിയിരുന്നെന്ന അമിത് ഷായുടെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നറിയിപ്പ് നല്‍കിയതിലും എത്രയോ അധികമായിരുന്നു ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് പെയ്ത മഴ. അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടായ അന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒരു തവണ പോലും റെഡ് അലെർട് നൽകിയിട്ടില്ല. 270 എം.എം മഴ കിട്ടുമെന്ന് പറഞ്ഞിടത്ത് കിട്ടിയത് 572 എം.എം മഴ ആണ് പെയ്തത്.
നാല് തരം മുന്നറിയിപ്പാണ് കേന്ദ്ര കലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഈ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. 23 മുതല്‍ 28 വരെ കേന്ദ്രകാലാവസ്ഥാ വകുപ്പ് കേരളത്തിന് നല്‍കിയ മഴ മുന്നറിയിപ്പില്‍ ഓറഞ്ച് അലേര്‍ട്ട് പോലും അവര്‍ നല്‍കിയിട്ടില്ല. അപകടമുണ്ടായ ശേഷമാണ് റെഡ് അലേര്‍ട്ട് നല്‍കിയത്.
കേന്ദ്രത്തിന്റെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലാന്‍ഡ് സ്ലൈഡ് വാര്‍ണിങ് സിസ്റ്റത്തിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഇവരൊക്കെ നൽകിയ മുന്നറിയിപ്പിലും എത്രയോ അധികമായിരുന്നു ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് പെയ്ത മഴ. ഒരു തവണ പോലും ആ പ്രദേശത്ത് റെഡ് അലേര്‍ട്ട് നല്‍കിയിരുന്നില്ല. അപകടം ഉണ്ടായതിന് ശേഷം ആറ് മണിയോടെയാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പായി നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രജലകമ്മീഷനാണ് പ്രളയ മുന്നറിയിപ്പ് നനല്‍കേണ്ടത്. ഇരുവഴിഞ്ഞി പുഴയിലും ചാലിയാറിലും പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.ആര്‍.എഫ് വന്നതിനെ കുറിച്ച് പറഞ്ഞു കേട്ടു. എന്നാൽ കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് തന്നെ അവർ വന്നിരുന്നു. വയനാട് ജില്ലയില്‍ ഇതിലൊരു സംഘത്തെ മുന്‍കൂറായി നിയമിക്കുകയും ചെയ്തിരുന്നു. അതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ സ്ഥലത്തും ഒരിക്കിയിട്ടുണ്ട്.
കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങൾ ഉണ്ട്. അത് എല്ലാവരും മനസിലാക്കണം. ഇപ്പോൾ എല്ലായിടത്തും കനത്ത മഴയാണ്. ഇത്തരം ദുരന്ത സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉത്തരവാദിത്തം ആരുടെയെങ്കിലും പെരടിക്കിട്ട് ഒഴിഞ്ഞു മാറുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോൾ ഇതൊന്നും പറയേണ്ട സമയമല്ല, നമുക്ക് ഒരു നാടിനെ തന്നെ വീണ്ടെടുക്കേണ്ടതുണ്ട്. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കേണ്ടതുണ്ട്, അവരെ രക്ഷിക്കണം. എല്ലാവരും ഈ സമയം ഒന്നിച്ചു നിൽക്കുക എന്നും അതിനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുൻഗണന കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.