| Thursday, 10th May 2018, 2:43 pm

മലപ്പുറം കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്നു; ജനങ്ങള്‍ ഭീതിയില്‍; പഠനങ്ങള്‍ പാതി വഴിയില്‍

ഗോപിക

മലപ്പുറം കോട്ടക്കലില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ജനങ്ങളെ ഭീതിയിലാക്കി ഭൂമി വിണ്ടുമാറുന്ന പ്രതിഭാസം. കോട്ടക്കലിന് അടുത്ത് പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിലെ ഭൂമിക്ക് വിള്ളല്‍ വന്നിരിക്കുന്നത്. ഈ പ്രദേശത്തെ വീടിനും അതിനടുത്തുള്ള പറമ്പിനും അടുത്താണ് കൂടുതലായി വിള്ളലുണ്ടായിരിക്കുന്നത്.

ഈ പ്രദേശത്ത് ഏകദേശം 70 മീറ്ററോളം നീളത്തിലാണ് ഭൂമി വിണ്ടുമാറിയിരിക്കുന്നത്. തുടര്‍ന്ന് ഈ മേഖലയിലെ വീടുകളിലേക്കും വിള്ളല്‍ ബാധിച്ചിട്ടുണ്ട്. ഭൂമി താഴ്ന്ന് പോകുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലായിരിക്കുന്നത്.

പെരുമണ്ണ ക്ലാരി പാഞ്ചായത്തിലെ 13ആം വാര്‍ഡിലെ വീടുകള്‍ക്ക് സമീപമാണ് ഭൂമിക്ക് വിള്ളല്‍ വന്നിരിക്കുന്നത്. 70 മീറ്ററോളം ഭൂമി വിണ്ടുമാറിയിട്ടുണ്ട്. ഈ വിള്ളലുകളില്‍ മേയാന്‍ വിട്ട ആടുകളിലൊന്ന് കുടുങ്ങിയതിനെത്തുടര്‍ന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനുമുമ്പും ഇവിടെ ഇത്തരത്തില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. എന്നാല്‍ വിള്ളലിനെ കുറിച്ച് യാതൊരു പഠനവും ഇതുവരെ നടന്നിട്ടില്ല.


ALSO READ: എന്‍ഡോസള്‍ഫാന്‍ ഇര അതിജീവനത്തിന്റെ കഥ പറയുന്നു


വിള്ളലിനെ തുടര്‍ന്ന് ഒരു വീട് ഇവിടെ നേരത്തെ പൊളിച്ച് നീക്കേണ്ടി വന്നിരുന്നു. പകരം വീട് നിര്‍മ്മിക്കാന്‍ സഹായം പ്രതീക്ഷിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതല്ലാതെ മറ്റ് പഠനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

വിള്ളലിന്റെ തോത് ഉയരുന്നത് അടുത്തിടെയാണ്. ഇതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍. നാളിതുവരെയായിട്ടും ഒരു പഠനവും ഈ പ്രതിഭാസത്തെ കുറിച്ച് നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്

നാലുവര്‍ഷം മുമ്പ് ഈ പഞ്ചായത്ത് വാര്‍ഡിലെ വീടിനടുത്തുള്ള പറമ്പില്‍ ഒരു വിള്ളല്‍ ഉണ്ടായതാണ്. രാത്രിയില്‍ ഒരു ശബ്ദത്തോടെ വീട് നില്‍ക്കുന്ന പ്രദേശത്തെ ഭൂമി ശബ്ദത്തോടെ വിണ്ടു കീറുകയായിരുന്നു. ഇപ്പോള്‍ ആ വീടിന്റെ എഴുപത്തഞ്ച് ശതമാനത്തോളം ഭാഗം വീണ്ടു കീറി വിള്ളല്‍ വീണു കൊണ്ടിരിക്കുകയാണ്. പറമ്പിന്റെ ഭാഗത്തേക്കും ഈ വിള്ളല്‍ ഇപ്പോള്‍ ബാധിച്ചിരിക്കയാണ്.

കഴിഞ്ഞ ദിവസമാണ് വിള്ളല്‍ ഇത്ര രൂക്ഷമായത്. പറമ്പില്‍ മേഞ്ഞുക്കൊണ്ടിരുന്ന പ്രദേശവാസിയുടെ ആട്ടിന്‍കുട്ടി ഈ വിള്ളലിലേക്ക് പതിച്ചപ്പോഴാണ് പ്രദേശത്തിന്റെ മറ്റു സ്ഥലങ്ങളിലും വിള്ളലുകളുണ്ടെന്ന് ബോധ്യപ്പെട്ടതെന്ന് പ്രദേശവാസി കൂടിയായ നാരായണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നാലുവര്‍ഷം മുമ്പ് സമാന സാഹചര്യമുണ്ടായപ്പോള്‍ ജിയോളജി വകുപ്പും, പഞ്ചായത്ത് അധികൃതരും, വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നതാണ്. പരിശോധനയില്‍ നിന്നും പ്രദേശത്ത് കുഴല്‍ക്കിണറുകളുടെ നിര്‍മ്മാണം വര്‍ധിക്കുന്നതാണ് വിള്ളലുകളുണ്ടാകാന്‍ കാരണമെന്നാണ് പറഞ്ഞത്.


ALSO READ: തൊഴിലാളിദിനം- മെയ് ഡേ അഥവാ വാപ്പു ഡേ


ക്വാറികള്‍ അടുത്തുണ്ടായാലും സമാന സാഹചര്യമുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. എന്നാല്‍ ഈ പഞ്ചായത്തില്‍ അത്തരത്തില്‍ ക്വാറികളൊന്നും പ്രവര്‍ത്തിക്കുന്നില്ലയെന്നാണ് നാരായണന്‍ പറഞ്ഞത്. ഇതിന്റെ ഭാഗമായി വീണ്ടും ഇത്തരം പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്തിന്റെ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നിര്‍മ്മാണം സാധ്യമാകുകയുള്ളു. അതുകൊണ്ടു തന്നെ ഈ പ്രദേശത്ത് ഇപ്പോള്‍ ഇത്തരം കുഴല്‍ക്കിണര്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കയാണ്. ഭൂമി ആകെ വിണ്ടു കീറി വിള്ളല്‍ സംഭവിച്ചുക്കൊണ്ടിരിക്കയാണ്. ഇതെന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നതെന്ന് സ്ഥലം പരിശോധിച്ച വിദഗ്ധര്‍ക്കും പിടികിട്ടിയിട്ടില്ല.

വില്ലേജ് ഓഫിസറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ കാരണം എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ ഈ പ്രദേശത്തെ വീടുകളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ എടുക്കണമെന്നാണ് വില്ലേജ് ഓഫിസര്‍ പറഞ്ഞത്. പ്രദേശത്തെ ജനങ്ങളുടെ ഭീതി കണക്കിലെടുത്ത് വിഷയത്തില്‍ പഠനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചതായും വില്ലേജ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more