മേപ്പാടി: ചൂരൽ മല – മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച ജില്ലയില്ലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. രാവിലെ 11. 30 കളക്ടറേറ്റിൽ വെച്ചാണ് യോഗം.
രാവിലെ 10.30 -ന് എ.പി. ജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കുന്നുണ്ട്. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട് സന്ദർശിക്കും. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ വയനാട്ടിൽ എത്തുക.
അതേസമയം മൂന്നാം ദിന രക്ഷാപ്രവർത്തനങ്ങൾ സൈന്യത്തിന്റെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. അധികം പേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Content Highlight: Land Slide, Chief Minister Pinarayi Vijayan in Wayanad today; All party meeting at 11 am