പ്രതിഷേധത്തെതുടര്‍ന്ന് ദേശീയപാത സ്ഥലമെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തി
Kerala
പ്രതിഷേധത്തെതുടര്‍ന്ന് ദേശീയപാത സ്ഥലമെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2014, 5:48 pm

[share]

[]കോഴിക്കോട്: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയപാത സ്ഥലമെടുപ്പ് നടപടികള്‍ റവന്യൂ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജില്ലാകലക്ടറില്‍ നിന്നും ലഭിച്ച അറിയിപ്പിനെത്തുടര്‍ന്ന് ഇന്ന് സ്ഥലമെടുപ്പ് നടപടികള്‍ തുടരാന്‍ റവന്യൂ അധികൃതര്‍ തീരുമാനിച്ചിരുന്നു.

ഇന്ന് സര്‍വ്വ നടക്കുമെന്ന് കരുതി വടകര പാലയാട്ട് നടയില്‍ നൂറുകണക്കിന് കര്‍മസമിതി പ്രവര്‍ത്തകരും സമരസഹായ സംഘടനക്കാരും, വ്യാപാരികളും എത്തിയിരുന്നു.

പൗരന്‍മാരുടെ ജനനേന്ദ്രിയം സംരക്ഷിക്കണമെന്ന് എഴുതിയും ബാഡ്ജ് ധരിച്ചും കര്‍മ സമിതി പ്രവര്‍ത്തകര്‍ എ.എസ്.പി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തി. അടക്കാതെരുവില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് വടകര പോലീസ് സ്‌റ്റേഷന് മുന്നിലൂടെ എ.എസ്.പി. ഓഫീസില്‍ അവസാനിച്ചു.

മുരാട് ആക്രമത്തിന് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. ആക്രമത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ മാറ്റി നിര്‍ത്തണമെന്നും കര്‍മസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

ദേശീയ പാത സമര സമിതിയുടെ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെയാണ് ദിവസങ്ങള്‍ക്കുമുമ്പ് പോലീസിന്റെ ക്രൂര മര്‍ദ്ദനം നടന്നത്. ഒപോലീസുകാരന്‍ പ്രതിഷേധക്കാരന്റെ ജനനേന്ദ്രിയം തകര്‍ക്കുകയും തുടര്‍ന്ന് മര്‍ദ്ദിയ്ക്കുകയും ചെയ്തിരുന്നു.

ഇദ്ദേഹം ഒഴിഞ്ഞുമാറുമ്പോഴും പോലീസുകാരന്‍ വീണ്ടും ജനനേന്ദ്രിയത്തില്‍ പിടിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

സമര സമിതിയുടെ ദേശീയ പാത ഉപരോധത്തിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് ബലമായി പിടിച്ചു മാറ്റുകയും ചെയ്തിരുന്നു.

അതേസമയം, വടകരയില്‍ മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംഭവം മനുഷ്യാവകാശ കമ്മീഷന്‍ ഡി.ഐ.ജി അന്വേഷിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.